കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കാപ്പാട് ബീച്ച്-കൊയിലാണ്ടി റോഡ് വൃത്തിയാക്കി ഡിവൈഎഫ്‌ഐ


കൊയിലാണ്ടി: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് തകര്‍ന്ന കാപ്പാട് ബീച്ച് – കൊയിലാണ്ടി റോഡ് ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ സന്നദ്ധപ്രവര്‍ത്തനത്തിനിറങ്ങിയത്.


കാപ്പാട് കപ്പക്കടവ് ഭാഗത്ത് നിരവധി നാശനഷ്ടമാണ് ഉണ്ടായത്. തീരത്തെ ഒട്ടേറെ വീടുകളും കടലേറ്റ ഭീഷണിയിലായി. തുവ്വപ്പാറയിലും ശക്തമായ കടല്‍ക്ഷോഭമാണ്. തീരത്തെ ഒറുപൊട്ടുംകാവ് ക്ഷേത്രത്തിലെ ഏറെ സ്ഥലം കടല്‍ കവര്‍ന്നു. മേഖലയില്‍ കനത്ത നാശനഷ്ടമാണ് ഇത്തവണ കടല്‍ക്ഷോഭം ഉണ്ടാക്കിയത്.

തെങ്ങുകളും, മരങ്ങളും കടപുഴകി നിലംപതിച്ചു. ഏഴുകുടിക്കല്‍, കൊയിലാണ്ടി, കൊല്ലം പാറപ്പള്ളി എന്നിവിടങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമായി. ഏഴുകുടിക്കല്‍ തീരദേശപാത സഞ്ചാരയോഗ്യമല്ലാതായി. ഇവിടെ 45 മീറ്റര്‍ റോഡ് കഴിഞ്ഞദിവസമുണ്ടായ കടലേറ്റത്തില്‍ തകര്‍ന്നിരുന്നു. ഏഴുകുടിക്കല്‍ പാലത്തിന്റെ കൈവരികളും തകര്‍ന്നു.