കൊയിലാണ്ടിയുടെ നാട്ടുവഴികളില്‍ നിന്ന് മന്ത്രിപദത്തിലേക്ക്; കാനത്തില്‍ ജമീലയെ മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു


കൊയിലാണ്ടി: കൊയിലാണ്ടി മണ്ഡലം എല്‍.ഡി.എഫിന് വേണ്ടി നിലനിര്‍ത്തി വിജയക്കൊടി പാറിച്ച കാനത്തില്‍ ജമീലയെ മന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നു. അന്തിമ പട്ടികയ്ക്ക് രൂപമായിട്ടില്ലെങ്കിലും കാനത്തില്‍ ജമീല മന്ത്രിയാകുമെന്ന് സൂചന. മന്ത്രിസഭയ്ക്ക് പുതിയ മുഖം നല്‍കാനാണ് ഇന്ന് എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി കെ കെ ശൈലജയും ഒഴികെ സിപിഐഎമ്മിലെ എല്ലാവരും പുതുമുഖങ്ങളായിരിക്കും.


യു.ഡി.എഫിലെ എന്‍. സുബ്രഹ്‌മണ്യനെതിരെ 7,431 വോട്ടുകള്‍ക്കാണ് കാനത്തില്‍ ജമീല വിജയിച്ചത്. കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇന്നാണ് കാനത്തില്‍ ജമീല രാജി വെച്ചത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥി കാനത്തില്‍ ജമീലയുടെ വിജയം സുനിശ്ചിതമാണെന്ന് സി.പി.എം. കേന്ദ്രങ്ങള്‍ നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നു.

എം.വി. ഗോവിന്ദന്‍, കെ. രാധാകൃഷ്ണന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവര്‍ മന്ത്രിമാരാകും. രണ്ട് വനിതാ മന്ത്രിമാര്‍ ഇത്തവണയും മന്ത്രിസഭയിലുണ്ടാകും. കെ.കെ. ശൈലജയ്ക്ക് പുറമെ വീണ ജോര്‍ജ്, കാനത്തില്‍ ജമീല, ആര്‍.ബിന്ദു എന്നിവരുടെ പേരാണ് പരിഗണനയില്‍.