കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോം കേസിലെ പ്രതികളില്‍ ഒരാള്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ടു


കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതെ പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ട് യുവാക്കളില്‍ ഒരാള്‍ രക്ഷപ്പെട്ടു. ചോവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഫെബിന്‍ റാഫിയാണ് രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

വൈദ്യ പരിശോധനയ്ക്ക് ശേഷം ചേവായൂര്‍ പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചതായിരുന്നു പ്രതികളെ. മജസ്‌ട്രേറ്റിന് മുന്നില്‍ പ്രതികളെ ഹാജാരാക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലാണ് ഫെബിന്‍ പോലീസിന്റെ കണ്ണുവെട്ടിച്ച് സ്‌റ്റേഷന്റെ പുറകു വശത്തുകൂടെ കടന്നു കളഞ്ഞത്. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതിയെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കുന്നതിനാല്‍ പ്രതികളുടെ ദൃശ്യങ്ങള്‍ എടുക്കാന്‍ മാധ്യമ പ്രവര്‍ത്തകരടക്കം പോലീസ് സ്റ്റേഷന് മുന്നില്‍ ഉണ്ടായിരുന്നു. ഈ അവസരത്തില്‍ ഫെബിന്‍ സ്റ്റേഷന്റെ പുറത്തുകൂടി ചാടിപ്പോവുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

എവിടേക്കാണ് പ്രതി ഓടി രക്ഷപ്പെട്ടത് എന്നെ സംബന്ധിച്ച് യാതൊരു വിവരവും പോലീസിന് ലഭിച്ചിട്ടില്ല. രണ്ട് പോലീസ് ജീപ്പുകളിലായി എസ്.ഐ അടക്കമുള്ള സംഘം രണ്ടുദിശങ്ങളിലായി അന്വേഷണം നടത്തുകയാണ്.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ആറ് പെൺകുട്ടികൾ കാണാതെപോയത്. കാണാതായ ആറു പേരിൽ രണ്ടു കുട്ടികളെ ബംഗളൂരുവിൽ നിന്നും നാലു പേരെ മലപ്പുറം എടക്കരയിൽ നിന്നുമാണ് കണ്ടെത്തിയത്.

ബംഗളൂരുവിൽ നിന്ന് പെൺകുട്ടികൾക്കൊപ്പം പിടിയിലായ കൊടുങ്ങല്ലൂർ സ്വദേശി ഫെബിൻ റാഫി, കൊല്ലം സ്വദേശി ടോം തോമസ് എന്നിവരെ ആണ് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ പൊക്സോ 7,8 വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്ട് 77 എന്നിവ ചേർത്തുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.