കൺനിറയെ കാഴ്ചകളുമായി മുത്താച്ചിപ്പാറ: ടൂറിസം വികസന സാധ്യത പരിശോധിക്കും; കെ.എം.സച്ചിൻദേവ്‌ എംഎൽഎ


പേരാമ്പ്ര: കായണ്ണ, കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന മുത്താച്ചിപ്പാറ വിനോദ സഞ്ചാരകേന്ദ്രമായി വികസിപ്പിക്കുന്ന കാര്യം പരിഗണനയിലാണെന്ന് കെ എം സച്ചിൻ ദേവ് എംഎൽഎ. വനംവകുപ്പിന്റെ അധീനതയിലുള്ള ഇവിടം സഞ്ചാരികൾക്കായി തുറന്നുകൊടുക്കുന്നതിനായി വനം, ടൂറിസം മന്ത്രിമാരുമായി ചർച്ച നടത്തുമെന്നും മുത്താച്ചിപ്പാറയിലെത്തിയ എംഎൽഎ ഉറപ്പുനൽകി.

മുത്താച്ചിപ്പാറ സന്ദർശിക്കാൻ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസിനെ ക്ഷണിക്കുമെന്നും എംഎൽഎ പറഞ്ഞു. കായണ്ണ പഞ്ചായത്ത് പ്രസിഡന്റ്‌ സി കെ ശശി, പഞ്ചായത്തംഗം പി കെ ഷിജു എന്നിവരും നാട്ടുകാരും എംഎൽഎയെ അനുഗമിച്ചു.

കായണ്ണ പഞ്ചായത്തിലെ ആറാം വാർഡിൽ സമുദ്രനിരപ്പിൽനിന്ന് ഏതാണ്ട് 2000 അടിയോളം ഉയരത്തിൽ കിടക്കുന്ന മുത്താച്ചിപ്പാറ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. കൂരാച്ചുണ്ട് പഞ്ചായത്തിനോട് ചേർന്നുനിൽക്കുന്ന പാറയുടെ മുകളിൽ എത്തുന്നവർക്ക് പ്രകൃതിയൊരുക്കുന്ന കാഴ്ചകൾ വേറിട്ടതാണ്. അഞ്ച് പഞ്ചായത്ത് മേഖലകളും പയ്യോളിയിലെ കടൽ ക്കാഴ്ചയും മറ്റ് വിദൂരദൃശ്യഭംഗിയും സഞ്ചാരികൾക്ക് നയനാനന്ദകരമായ വിരുന്നൊരുക്കുന്നതിനാൽ. വിവിധയിടങ്ങളിൽ നിന്നും ഒട്ടേറേപ്പേർ ഇവിടെ സന്ദർശത്തിനെത്തുന്നുണ്ട്.