ഡെല്‍റ്റ വൈറസിന്റെ സാനിധ്യം: പേരാമ്പ്രയില്‍ കൂടുതല്‍ ആളുകളെ കൊവിഡ് ടെസ്റ്റിന് വിധേയമാക്കും; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കും


സൂര്യഗായത്രി കാര്‍ത്തിക

പേരാമ്പ്ര: പേരാമ്പ്ര പഞ്ചായത്ത് പരിധിയില്‍ കോവിഡ് പോസിറ്റീവായിരുന്ന രണ്ടുപേര്‍ക്ക് ഡെല്‍റ്റ വകഭേദമുള്ള വൈറസാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം 27ാം തിയ്യതി ടെസ്റ്റ് നടത്തി വിശദമായ പരിശോധനയ്ക്ക് അയച്ചിരുന്നു. ഈ പരിശോധനഫലമാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.

മറ്റുള്ള കൊറോണ വൈറസുകളെ അപേക്ഷിച്ച് ഡെല്‍റ്റ വൈറസിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ കൂടുതല്‍ ആളുകളിലേക്ക് രോഗം വ്യാപിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തേണ്ടതുണ്ട്. ഇതിനായി വൈറസിന്റെ സാനിധ്യം സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പ്രത്യേകമായി കൊവിഡ് ആര്‍ടിപിസിആര്‍ ടെസ്റ്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി കെ പ്രമോദ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇതിനായുള്ള നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ആരോഗ്യവിഭാഗം പ്രദേശത്ത് ഈയാഴ്ച കൂടുതല്‍ കോവിഡ് പരിശോധന നടത്തും.

പേരാമ്പ്ര പഞ്ചായത്തിലെ 19-ാം വാര്‍ഡിലും ഒന്നാം വാര്‍ഡിലുമായുള്ള രണ്ടുപേര്‍ക്കാണ് വകഭേദംവന്ന വൈറസ് ബാധിച്ചതായി പരിശോധനയില്‍ തെളിഞ്ഞത്. മൂന്നുവയസ്സുകാരനും 30 വയസ്സുള്ള സ്ത്രീയുമാണിത്. കഴിഞ്ഞമാസം 27-ന് കോവിഡ് പോസിറ്റീവായിരുന്ന ഇവര്‍ നെഗറ്റീവായിക്കഴിഞ്ഞതാണ്.

പേരാമ്പ്ര സി.കെ.ജി. ഗവ. കോളേജില്‍ ജോലിക്കായിവന്ന 14 ഇതരസംസ്ഥാനതൊഴിലാളികള്‍ക്കും കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരെ മണിയൂരിലെ കോവിഡ് സെന്ററിലേക്ക് മാറ്റി. ശേഷിച്ച തൊഴിലാളികളെ കോളേജില്‍ത്തന്നെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. അടുത്തദിവസങ്ങളില്‍ സ്ഥലത്ത് ജോലി ചെയ്യുന്ന എല്ലാവര്‍ക്കും പരിശോധന നടത്താന്‍ തീരുമാനിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി.

നിയന്ത്രണങ്ങള്‍

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയതിന്റെ അടിസ്ഥാനത്തിൽ പേരാമ്പ്ര പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾ പൊതു മേഖല സ്ഥാപനങ്ങൾ, സ്വയം ഭരണ സ്ഥാപനങ്ങൾ കമ്പനി, കോർപറേഷനുകൾ ബാങ്കുകൾ ധനകാര്യ സ്ഥാപനങ്ങൾ എന്നിവ 50 ശതമാനം ജീവനക്കാരെ റൊട്ടേഷൻ അടിസ്ഥാനത്തിൽ വച്ച് പ്രവർത്തനം നടത്താം.

അവശ്യവസ്തുക്കൾ വിൽപന നടത്തുന്ന കടകൾ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പകുതി ജീവനക്കാരെ വച്ച് എല്ലാ ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കാം. മറ്റ് സ്ഥാപനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ തുറക്കാൻ പാടുളളൂ.അക്ഷയ കേന്ദ്രങ്ങളും ജനസേവന കേന്ദ്രങ്ങളും എല്ലാദിവസവും രാവിലെ 7മുതൽ വൈകിട്ട് 7 വരെ തുറക്കാം.

ബവ്റിജസ് കോർപറേഷൻ ഔട്‌ലെറ്റ്, ബാറുകൾ എന്നിവയിൽ നിന്നും മദ്യം പാഴ്സലായി വാങ്ങാവുന്നതാണ്.ജനക്കൂട്ടം നിയന്ത്രിക്കുന്നതിന് മൊബൈൽ ആപ്പ് ഉപയോഗിക്കണം. പൊതു ഗതാഗതം അനുവദിക്കും.