നമുക്കൊരുക്കാം അവര്‍ പഠിക്കട്ടെ; വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കാന്‍ ‘തേങ്ങാ ചലഞ്ച്’ സംഘടിപ്പിച്ച് എസ് എഫ് ഐ


ചെറുവണ്ണൂര്‍: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമുറപ്പുവരുത്താന്‍ വേറിട്ട ചലഞ്ചുമായി എസ് എഫ് ഐ ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റി. തേങ്ങാ ചലഞ്ചിലൂടെയാണ് എസ് എഫ് ഐ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ തുക സമാഹരിച്ചത്. പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ പഠന സൗകര്യമുറുപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘ഒരു തേങ്ങായുണ്ടോ എടുക്കാന്‍, ഒരു പഠനമുറിയുണ്ടൊരുക്കാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി എസ് എഫ് ഐ തേങ്ങാ ചലഞ്ച് സംഘടിപ്പിച്ചത്.

ചലഞ്ചിലൂടെ സ്വരൂപ്പിച്ച തുക ഉപയോഗിച്ച് വാങ്ങിയ മൊബൈല്‍ ഫോണുകള്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കായി എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ആര്‍ സിദ്ധാര്‍ഥ്, സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗം കെ പി ബിജു, എസ് എഫ് ഐ ഏരിയ സെക്രട്ടറി അശ്വന്ത് ചന്ദ്ര എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.

എസ് എഫ് ഐ ഏരിയ ജോ. സെക്രട്ടറി അര്‍ജുന്‍ ബാബു, സിപിഎം ലോക്കല്‍ സെക്രട്ടറി ടി മനോജ്, ലോക്കല്‍ കമ്മിറ്റി അംഗം എം സതീശന്‍, ഡി വൈ എഫ് ഐ മേഖല സെക്രട്ടറി കെ എം ദിജേഷ്, പ്രസിഡന്റ് അഡ്വ സുധീഷ്, ചെറുവണ്ണൂര്‍ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി ജിനില്‍ കെ കെ എന്നിവര്‍ സംവദിച്ചു.