പേരാമ്പ്രയില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി വി.എച്ച്.പി നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു


പേരാമ്പ്ര: പേരാമ്പ്രയില്‍ വി.എച്ച്.പി നടത്തിയ മാര്‍ച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ തടഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഹലാല്‍ ബീഫ് വിഷയവുമായി ബന്ധപ്പെട്ടാണ് വി.എച്ച്.പി പ്രകടനം നടത്തിയത്. പൊലീസ് എത്തിയാണ് ഇരുസംഘങ്ങളെയും പിരിച്ചുവിട്ടത്.

ഹലാല്‍ ബീഫ് വിവാദത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പേരാമ്പ്ര ടൗണില്‍ ബി.ജെ.പി പ്രകടനം നടത്തിയിരുന്നു. പ്രകോപനപരമായ മുദ്രാവാക്യങ്ങളാണ് മാര്‍ച്ചിയില്‍ ഉയര്‍ന്നത്. വലിയ തോതില്‍ പ്രകോപനമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ പ്രദേശത്ത് നടക്കുന്നതായുള്ള പരാതി ഉയര്‍ന്നിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധവുമായി വിവിധ സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് ഇന്നു വൈകീട്ട് വി.എച്ച്.പിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര ടൗണില്‍ വിദ്വേഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി വീണ്ടും പ്രകടനം നടന്നത്. പേരാമ്പ്ര ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് വൈകീട്ട് അഞ്ചരയോടെയാണ് പ്രകടനം ആരംഭിച്ചത്. ഇതില്‍ പേരാമ്പ്രയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ വിഷയം ഉന്നയിച്ചതിനു പുറമെ പാണക്കാട് തങ്ങള്‍ക്കെതിരെയും മുദ്രാവാക്യം ഉയര്‍ന്നു. ഇതോടെയാണ് പ്രതിഷേധവുമായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.

പ്രകടനം മാര്‍ക്കറ്റില്‍ എത്തുമ്പോഴാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രകടനം തടയാനായി സംഘടിച്ചെത്തിയത്. തുടര്‍ന്ന് പോലീസെത്തി ഇരുവരെയും പിരിച്ചുവിടുകയായിരുന്നു. ഇത്തരം പ്രകോപനപരമായ പ്രകടനങ്ങള്‍ തടയാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടില്ലെങ്കില്‍ തങ്ങള്‍ നേരിട്ടെത്തി തടയുമെന്ന് യൂത്ത് ലീഗ് മുന്നറിയിപ്പ് നല്‍കി. തുടര്‍ന്ന് പൊലീസെത്തി വി.എച്ച്.പി മാര്‍ച്ച് തടയുകയായിരുന്നു. സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമായിട്ടുണ്ട്.