പേരാമ്പ്ര പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ പോത്തിനെ കൊലപ്പെടുത്തിയത് കടുവയെന്ന് സ്ഥിരീകരിച്ചു; തൊഴിലാളികള്‍ ഭീതിയില്‍, ദൃശ്യങ്ങള്‍ കാണാം



പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ പേരാമ്പ്ര എസ്റ്റേറ്റിനോട് ചേര്‍ന്നുള്ള ഭാഗത്ത് മേയാനായി കൊണ്ടുപോയ പോത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കടുവയെന്ന് സ്ഥിരീകരണം. സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലാണ് പോത്തിനെ ആക്രമിച്ചത് കടുവയാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയതെന്ന് പെരുവണ്ണാമൂഴി ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ഇ. ബൈജുനാഥ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.

എസ്റ്റേറ്റിന്റെ ഭൂമിയും വനമേഖലയും ചേര്‍ന്നുകിടക്കുന്ന സ്ഥലത്താണ് പോത്തിനെ വന്യമൃഗം കടിച്ചുകൊന്നനിലയില്‍ കണ്ടെത്തിയത്. സമീപത്ത് ജീവിയുടെ കാല്പാടുകളുമുണ്ടായിരുന്നു. ഇത് അഞ്ചു വയസ്സ് പ്രായംതോന്നിക്കുന്ന കടുവയാണെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആനയെ ഓടിക്കാനായി രാത്രികാവലിനെത്തുന്നവര്‍ പടക്കംപൊട്ടിക്കുന്നതിനാലാകാം പോത്തിനെ തിന്നാതെ കടുവ കാട്ടിലേക്ക് പോയതെന്ന് ബൈജുനാഥ് പറഞ്ഞു.

പോത്ത് ചത്തുകിടന്ന സ്ഥലം വനഭൂമിയില്‍പ്പെട്ടതാണെന്ന് ബൈജുനാഥ് വ്യക്തമാക്കി. ഈ മേഖലയില്‍ ഇത്തരം പ്രവൃത്തികള്‍ക്കൊന്നും അനുവാദമില്ല. വനം വകുപ്പിന്റെ അനുമതിയില്ലാതെയാണ് ഇവര്‍ ഇവിടെ പോത്തിനെ മേയാനിട്ടതെന്നും അദ്ദേഹം പറഞ്ഞു.

എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ബിനു മേയാന്‍വേണ്ടി പോത്തിനെ ഈ ഭാഗത്ത് കെട്ടിയതായിരുന്നു. നാല്‍പ്പതിന്റെ ചാല്‍ എന്നാണ് ഈ ഭാഗം പ്രാദേശികമായി അറിയപ്പെടുന്നത്. എസ്റ്റേറ്റിലെ ആശുപത്രിക്ക് പിന്‍ഭാഗത്തുള്ള സ്ഥലംകൂടിയാണിത്. ഡാം റിസര്‍വോയറില്‍നിന്ന് വെള്ളം കയറുന്ന മേഖലയാണിത്. ഇപ്പോള്‍ വെള്ളം ഇറങ്ങിയ നിലയിലായതിനാല്‍ പുല്ലുള്ളഭാഗത്ത് കെട്ടിപ്പോവുകയായിരുന്നു.

അഞ്ചോളം പോത്തുകളാണ് ഇവിടെ ഉണ്ടായിരുന്നത്. അതില്‍ ഒന്നിനെയാണ് കടുവ കൊലപ്പെടുത്തിയത്. രണ്ടുവര്‍ഷംമുമ്പ് ചെമ്പനോട മേഖലയിലും കടുവയിറങ്ങിയിരുന്നു. ഒരു മാസംമുമ്പ് പയ്യാനിക്കോട്ട ഭാഗത്ത് മാനിനെ കടുവ ഓടിക്കുന്നത് ഒരാള്‍ കണ്ടതായും പറയുന്നുണ്ട്.

കടുവയിറങ്ങിയെന്ന വിവരം പുറത്തുവന്നതോടെ തൊഴിലാളികള്‍ ആശങ്കയിലാണ്. പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റില്‍ എ, ബി ഡിവിഷനില്‍പ്പെട്ട ഭാഗത്ത് റബ്ബര്‍ ടാപ്പിങ് നടക്കുന്ന മേഖലയിലാണ് കടുവയുടെ സാന്നിധ്യമുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. അതിരാവിലെ വെളിച്ചമെത്തുംമുമ്പ് ടാപ്പിങ്ങിനായി ജോലിക്കെത്തുന്നവരാണ് തൊഴിലാളികള്‍. പോത്തിനെ ആക്രമിച്ച് കൊലപ്പെടുത്തിയത് കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ തൊഴിലാളികള്‍ ഭീതിയിലാണ്.