പേരാമ്പ്ര ബൈപാസ് നിര്‍മ്മാണം സമയ ബന്ധിതമായി പൂര്‍ത്തിയാക്കും; ടി പി രാമകൃഷ്ണന്‍ എം എല്‍ എ


പേരാമ്പ്ര: കോവിഡ് പ്രതിസന്ധിക്കിടയിലും പേരാമ്പ്ര മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ തുടക്കം കുറിച്ച മുഴുവന്‍ വികസന പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുകയും മണ്ഡലത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും മുന്‍നിര്‍ത്തിയുള്ള കൂടുതല്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പാക്കുമെന്നും ടി പി രാമകൃഷ്ണന്‍ എം എല്‍ എ പറഞ്ഞു. തുടര്‍ച്ചയായി രണ്ടാം വട്ടവും എം എല്‍ എ യായി തെരഞ്ഞെടുക്കപ്പെട്ട ടി പി ക്ക് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിനല്‍കിയസ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങളോടുള്ള ഉത്തരവാദിത്വം പൂര്‍ണമായി നിറവേറ്റും. പേരാമ്പ്ര ബൈപാസ് ,താലൂക്ക് ആശുപത്രിയുടെ വികസനം, പേരാമ്പ്ര ബസ് സ്റ്റാന്റിന്റെയും ടൗണിന്റെയും നവീകരണം എന്നിവ സമയബന്ധിതമായി പൂര്‍ത്തീകരിക്കും. കാര്‍ഷികമേഖലശക്തിപ്പെടുത്തി ഉല്പാദനം വര്‍ധിപ്പിക്കും. തെരഞ്ഞെടുപ്പ് കാലത്ത്ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളും മണ്ഡലം വികസന മിഷന്‍ 2025ന്റെ കാഴ്ചപ്പാടുകളും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കും.

കോവിഡ് മാനദണ്ഡമനുസരിച്ച് ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ പി ബാബു അധ്യക്ഷനായി.കെ സജീവന്‍ ടി പി യെ പൊന്നാടയണിച്ചു.സ്റ്റാന്റിങ്ങ് കമ്മിറ്റി അധ്യക്ഷരായ ശശികുമാര്‍ പേരാമ്പ്ര, കെ സജീവന്‍, പി കെ രജിത, മെമ്പര്‍മാരായ കെ കെ വിനോദന്‍, പി ടി അഷറഫ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പാത്തുമ്മ സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി വി ബേബി നന്ദിയും പറഞ്ഞു.