വിദ്യാലയം ഇനി വീടുകളിലേക്ക്; ‘വീട്ടിൽ ഒരു വിദ്യാലയം പദ്ധതി’യ്ക്ക് പേരാമ്പ്രയിൽ തുടക്കമായി


 

പേരാമ്പ്ര: കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി നടപ്പാക്കുന്ന വീട്ടിൽ ഒരു വിദ്യാലയം പരിപാടിയുടെ പേരാമ്പ്ര സബ് ജില്ലാതല ഉദ്ഘാടനം ടി പി രാമകൃഷ്ണൻ എംഎൽഎ നിർവഹിച്ചു. മുളിയങ്ങൽ കരിമ്പാംകുന്ന് ലക്ഷം വീട് കോളനി പ്രദേശത്ത് താമസിക്കുന്ന മുഴുവൻ കുട്ടികൾക്കും എല്ലാ പഠന സാമഗ്രിയും പിന്തുണയും നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം.

പഠനകേന്ദ്രത്തിലേക്കാവശ്യമായ ടിവി, ഫാൻ എന്നിവ എംഎൽഎ പഞ്ചായത്തംഗം ടി വി ഷിനിയ്ക്ക് കൈമാറി. ലൈബ്രറി പുസ്തകങ്ങൾ നൊച്ചാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി എം കുഞ്ഞിക്കണ്ണൻ കൺവീനർ ശിവദാസന് കൈമാറി. എല്ലാ കുട്ടികൾക്കുമുള്ള പഠന കിറ്റ് കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി പി രാജീവൻ, ജില്ലാ സെക്രട്ടറി ബി മധു എന്നിവർ വിതരണം ചെയ്തു.

കെഎസ്ടിഎ ജില്ലാ വൈസ് പ്രസിഡന്റ്‌ കെ പി രാജൻ പദ്ധതി വിശദീകരിച്ചു. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റ്‌ പി എൻ ശാരദ അധ്യക്ഷയായി. കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം കെ ഷാജിമ, ജില്ലാ എക്സിക്യൂട്ടീവ് അംഗം വി പി നിത, ജില്ലാ കമ്മിറ്റി അംഗം കെ എസ് ശ്രീജിത്ത് എന്നിവർ സംസാരിച്ചു. കെഎസ്ടിഎ പേരാമ്പ്ര സബ് ജില്ലാ സെക്രട്ടറി കെ സജീവൻ സ്വാഗതവും പ്രസിഡന്റ്‌ കെ കെ അബൂബക്കർ നന്ദിയും പറഞ്ഞു.