വീണുകിട്ടിയ സ്വർണാഭരണം തിരിച്ചുനൽകി യുവാവ് മാതൃകയായി


ഉള്ളിയേരി: റോഡിൽനിന്ന് കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് തിരികെ നൽകി യുവാവിന്റെ മാതൃക. ആനവാതിൽ ചാലിൽ ഇബ്രാഹിം ആണ് ഒന്നരപ്പവൻവരുന്ന ആഭരണം തിരിച്ചുനൽകിയത്.

മുണ്ടോത്ത് പെട്രോൾപമ്പിന് സമീപത്തുനിന്നാണ് കഴിഞ്ഞദിവസം രാവിലെ ഇബ്രാഹിമിന് ആഭരണം കിട്ടിയത്. ഉടൻത്തന്നെ പെട്രോൾപമ്പ് ഉടമയെ വിവിവരം ധരിപ്പിക്കുകയും ഫോൺനമ്പർ നൽകുകയും ചെയ്തു.

ബൈക്കിൽ ഭർത്താവിനൊപ്പം ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന തുരുത്യാട് സ്വദേശി സന്ധ്യയുടേതായിരുന്നു നഷ്ടപ്പെട്ട ആഭരണം. നഷ്ടപ്പെട്ട ആഭരണം അന്വേഷിച്ച സന്ധ്യ പെട്രോൾപമ്പിലും എത്തിയിരുന്നു. ഉടമയെ തിരിച്ചറിഞ്ഞതോടെ ഇബ്രാഹിം അത്തോളി പോലീസ് സ്റ്റേഷനിലെത്തി പോലീസിന്റെ സാനിധ്യത്തിൽ ആഭരണം ഉടമയ്ക്ക് കൈമാറി.