അസുഖങ്ങളെ തിരിച്ചറിഞ്ഞും അറിവുകൾ നേടിയും ചെറുവണ്ണൂർക്കാർ; പഞ്ചായത്തും ആവള കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി നടത്തിയ ആരോഗ്യമേള ശ്രദ്ധേയമായി


ചെറുവണ്ണൂർ: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിന്റെയും ആവള കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ആരോഗ്യമേള ശ്രദ്ധേയമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.ടി.ഷിജിത്ത് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീഷ ഗണേഷ് അദ്ധ്യക്ഷയായി. വാർഡ് മെമ്പർ എൻ.ആർ.രാഘവൻ സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർമാരായ എ.കെ.ഉമ്മർ, ആർ.പി.ശോഭിഷ്, ബാലകൃഷ്ണൻ.എ, സുബൈദ.ഇ.കെ, ഇ.ടി.ആദില നിബ്രാസ്, മുംതാസ്.പി എന്നിവർ പ്രസംഗിച്ചു.

ആരോഗ്യമേഖലയിലെ മുഴുവൻ പദ്ധതികളെയും സംബന്ധിച്ച് പൊതുജനങ്ങളെ ബോധവൽക്കരിച്ചു കൊണ്ട് നടത്തിയ ആരോഗ്യമേള ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജീവിതശൈലി രോഗനിർണയ ക്യാമ്പും ഡയറ്റീഷ്യന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസും മേളയിൽ നടന്നു. കാഴ്ച പരിശോധന, കേൾവി പരിശോധന, ഫിസിയോ തെറാപ്പി, ജനറൽ മെഡിസിൻ, ശിശുരോഗ വിഭാഗം, ദന്തരോഗ വിഭാഗം എന്നിവയിലെ വിദഗ്ധർ പരിശോധന നടത്തി. ഗവ. ആയുർവേദ ഡിസ്പെൻസറി, ഗവ. ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ പരിശോധനയും മരുന്ന് വിതരണവും നടത്തി. അലോപ്പതി, അയുർവേദം, ഹോമിയോ, കൃഷി വകുപ്പ് എന്നിവരുടെ സ്റ്റാളുകളും ശ്രദ്ധേയമായി.

ഹെൽത്ത് ഇൻസ്പെക്ടർ ആർ.കെ. രാജു നന്ദി പറഞ്ഞു. അലോപ്പതി സ്റ്റാളുകൾക്ക് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് കമറുദ്ദീൻ, ആയുർവേദ സ്റ്റാളുകൾക്ക് ഡോ. ഷംസുദ്ദീൻ, ഹോമിയോപ്പതി സ്റ്റാളുകൾക്ക് ഡോ. സിബി രവീന്ദ്രൻ, ദന്തവിഭാഗത്തിന്ന് ഡോ. രാഹുൽ അരവിന്ദ്, ഡോ. ബിൻസി എന്നിവർ നേതൃത്വം നൽകി. പരിപാടിയിൽ പാലിയേറ്റീവ് വളണ്ടിയർമാർ , ആശാ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.