കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കെത്തിച്ച പ്രതിയുടെ അക്രമം; ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്തു


കൊയിലാണ്ടി: താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ച പ്രതി അക്രമാസക്തനായി. ആശുപത്രിയുടെ ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതി ചില്ല് കഷ്ണവുമായി ഭീഷണി മുഴക്കി. ഒടുവില്‍ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് കീഴടക്കുകയായിരുന്നു.

ബുധനാഴ്ച രാത്രിയോടെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി വന്നതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ കയറിയ പ്രതി ഗ്രില്‍സില്‍ ഇയാള്‍ തലയടിച്ച് പൊട്ടിച്ചു. തുടര്‍ന്ന് ഈ മുറിവ് ചികിത്സിക്കാനായാണ് ഇയാളെ പൊലീസ് ആശുപത്രിയില്‍ എത്തിച്ചത്.

മുറിവ് ഡ്രസ് ചെയ്യുന്നതിനിടെയാണ് പ്രതി പൊടുന്നനെ അക്രമാസക്തനായത്. ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത പ്രതിയുടെ നീക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്തബ്ധരായി. ഡ്രസ്സിങ് റൂം അടിച്ച് തകര്‍ത്ത ശേഷം കയ്യില്‍ ചില്ല് കഷ്ണവുമായി ഇയാള്‍ ഭീഷണി മുഴക്കി. ഉടന്‍ തന്നെ പൊലീസും ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് പ്രതിയെ കീഴടക്കുകയായിരുന്നു.

അക്രമത്തില്‍ പൊലീസുകാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഒരു പൊലീസുകാരന്റെ കയ്യിലെ മുഴറിവ് ആഴമുള്ളതാണ്. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടോ എന്ന് സംശയിക്കുന്നു.