100 രൂപയുടെ ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് ഇനി മുതല്‍ 10000രൂപ, വലിയ വട്ടളം ഗുരുതിക്ക് 10000രൂപ, പിഷാരികാവില്‍ ക്ഷേത്രവഴിപാടുകളുടെ നിരക്ക് കുത്തനെ കൂട്ടാന്‍ നീക്കം; ഭക്തജനങ്ങളെ പിഴിയാനുളള ശ്രമമെന്ന് ആക്ഷേപം


കൊല്ലം: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ വരുന്ന കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ വഴിപാട് നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിക്കാന്‍ നീക്കം. ഇതിന്റെ ആദ്യപടിയായി പുതുക്കിയ വഴിപാട് നിരക്ക് ഉള്‍പ്പെട്ട കരട് രൂപം ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് പുറത്തിറക്കി നോട്ടീസ് ബോര്‍ഡിലിട്ടു. ഇതുപ്രകാരം മിക്ക വഴിപാടുകള്‍ക്കും നൂറും, ഇരുനൂറും, അതിലേറെയും ശതമാനമാണ് നിരക്ക് വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നത്.

100 രൂപ ഈടാക്കി നടത്തിയിരുന്ന ചന്ദനം ചാര്‍ത്തല്‍ വഴിപാടിന് പതിനായിരം രൂപയാണ് പുതുക്കിയ നിരക്കായി കരട് പട്ടികയില്‍ പറഞ്ഞിരിക്കുന്നത്. വിഗ്രഹത്തിന് ഒരു പൊട്ട് കുത്തുക മാത്രമാണ് ചെയ്യുന്നത്. 3001 രൂപയ്ക്ക് നടത്തിയിരുന്ന വലിയ വട്ടളം ഗുരുതിയ്ക്ക് 6999 രൂപ വര്‍ധിപ്പിച്ച് 10000 രൂപയാക്കാനാണ് ആലോചിക്കുന്നത്. ദിവസപൂജയ്ക്കും ചുറ്റുവിളക്കിനും നിറമാലയ്ക്കും 5001 രൂപയെന്നതില്‍ നിന്നും പതിനായിരം രൂപയിലേക്ക് വര്‍ധിപ്പിക്കാനാണ് നീക്കം. പത്തുരൂപയ്ക്ക് നടത്തിയിരുന്ന തെച്ചിമാല, കാണിക്ക, നെയ് വിളക്ക്, കുങ്കുമാര്‍ച്ചന, മാല പൂജിക്കല്‍, ജപിച്ച ചരട് എന്നിവയ്‌ക്കെല്ലാം നിരക്ക് ഇരട്ടിയാക്കാനാണ് നീക്കം.

ക്ഷേത്രത്തിലെ നാലമ്പലം പുതുക്കി പണിത് ചെമ്പ് മേയല്‍ അടക്കമുള്ള പ്രവൃത്തികള്‍ നടക്കാനും ക്ഷേത്ര അടിസ്ഥാന സൗകര്യവികസനത്തിനും ഒക്കെയുള്ള ഫണ്ട് കണ്ടെത്താന്‍ എന്നു പറഞ്ഞാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തെ അധികൃതര്‍ ന്യായീകരിക്കുന്നത്. ചെമ്പ് മേയല്‍ പ്രവൃത്തിക്ക് ആറ് കോടി രൂപയും പള്ളിയറ മേല്‍ക്കൂര പുതുക്കി പണിയലിനും മുറ്റം കരിങ്കല്‍ പതിക്കുന്നതിനും ആനക്കുളവും വടയനകുളവും പുതുക്കിപണിയുന്നതിനും ആനക്കുളം മുതല്‍ ക്ഷേത്രം വരെയുള്ള റോഡ് നവീകരികരിച്ച് പാര്‍ക്കിങ് സ്ഥലം ഇന്റര്‍ലോക്ക് ചെയ്യാനുമെല്ലാം കൂടി പത്തുകോടി രൂപയും ചെലവ് പ്രതീക്ഷിക്കുന്നുണ്ടെന്നും ഭക്തജനങ്ങളുടെ കൂടി പങ്കാളിത്തത്തില്‍ തുക കണ്ടെത്താനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞാണ് നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തെ അവതരിപ്പിച്ചത്.

കരടിന്മേല്‍ എന്തെങ്കിലും അഭിപ്രായ ഭിന്നതകളുണ്ടെങ്കില്‍ അത് അറിയിക്കാന്‍ ജൂലൈ 31വരെയാണ് സമയം അനുവദിച്ചത്. എതിര്‍പ്പുകളില്ലെങ്കില്‍ ഈ കരടില്‍ പറയും പ്രകാരം നിരക്കുവര്‍ധന പ്രാബല്യത്തില്‍ വരും.

ക്ഷേത്ര നവീകരണ പ്രവൃത്തികള്‍ക്ക് ആ പേരില്‍ പണം പിരിക്കണമെന്നും അതിന് സര്‍ക്കാറിന്റേതടക്കം സഹായം തേടാമെന്നുമാണ് ഭക്തജനങ്ങള്‍ പറയുന്നത്. അല്ലാതെ വഴിപാട് നടത്തുന്ന ഭക്തരെ പിഴിയുന്നതിനെ ന്യായീകരിക്കാനാവില്ലെന്നും ഭക്തജനങ്ങള്‍ പറയുന്നു.