പേരാമ്പ്ര ബൈപ്പാസില്‍ പൈതോത്ത് റോഡ് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ നാലുപേര്‍ക്ക് പരിക്ക്


പേരാമ്പ്ര: ബൈപ്പാസ് റോഡില്‍ പൈതോത്ത് ജംഗ്ഷനില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടത്തില്‍ നാലുപേര്‍ക്ക് പരിക്ക്. കൂവപ്പൊയില്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ രാഹുല്‍, ഭാര്യ സോന, മകന്‍ ധ്രുവ്, സോനയുടെ സഹോദരി പൂജ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടം.

കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ പൈതോത്ത് ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോയില്‍ ഇടിക്കുകയും തുടര്‍ന്ന് ഓട്ടോ തലകീഴായ് മറിയുകയുമായിരുന്നു. അപകട സ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പേരാമ്പ്ര പോലീസും സ്ഥലത്തെത്തി വാഹനങ്ങള്‍ മാറ്റി. റോഡില്‍ അല്പസമയം ഗതാതഗത തടസം അനുഭവപ്പെട്ടു.

അതേസമയം ബൈപ്പാസ് റോഡിലെ പൈതോത്ത് ജംഗ്ഷന്‍ സ്ഥിരം അപകട മേഖലയാവുന്നതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഇവിടെ സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിച്ച് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണാന്‍ ബന്ധപ്പെട്ട അധികൃതര്‍ തയ്യാറാവണമെന്നും നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.