പതിനൊന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ പൊന്നോമനയായിരുന്നു അവൻ, ഇന്നലെ ഏറെ സന്തോഷത്തോടെ ഒന്നിച്ചു യാത്രയായവരിൽ അഞ്ചു കുട്ടികളും അധ്യാപകനും ഒന്നായെത്തി, നിശ്ചലമായി; വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം സ്കൂളിലേക്ക് എത്തിച്ചു


മുളന്തുരുത്തി: ഒരിക്കലും മറക്കാനാവാത്ത മൂഹൂർത്തങ്ങൾ സൃഷ്ടിക്കാൻ പോയവർ ഓർമ്മയായി അവർ തിരിച്ചെത്തി. വിദ്യാനികേതൻ സ്കൂളും നാടും ഒരിക്കലും മറക്കില്ല ഈ ദിനങ്ങൾ. ഏറെ സന്തോഷകരമായി കുരുന്നുകൾ ഓടി ചാടി നടന്ന സ്കൂൾ അങ്കണം കുരുന്നുകളെ യാത്രയാക്കി ഒരു ദിനം പിന്നിടുന്നതിനു മുൻപ് തന്നെ അവരുടെ മൃതദേഹം ആണ് സ്വീകരിക്കേണ്ടതായി വന്നത്. വടക്കഞ്ചേരിയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്കൂളിലേക്ക് എത്തിച്ചു.

തിരിച്ചു വന്ന് എന്തല്ലാം കഥകൾ പറയാൻ ബാക്കി വെച്ചാണ് ആ കുരുന്നുകൾ യാത്രയായത്. തങ്ങളുടെ സുഹൃത്തുക്കളെയും പ്രിയപ്പെട്ട കുഞ്ഞുങ്ങളെയും അവസാനമായി ഒരു നോക്ക് കാണുവാൻ അനേകരാണ് സ്ഥലത്തെത്തിയിരിക്കുന്നത്. നാലര വരെയാണ് സ്കൂളുകളിൽ പൊതുദർശനത്തിനു വെയ്ക്കുക. ശേഷം അവരവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. മന്ത്രിമാരും രാഷ്ട്രീയ പ്രമുഖരടക്കം നിരവധി പേരാണ് സ്കൂളിലെത്തിയിരിക്കുന്നത്. ഇന്നും നാളെയുമായി സംസ്കാരം നടത്തും. കഴിഞ്ഞ രണ്ടു വർഷമായി കോവിഡ് മൂലം ഇല്ലാതിരുന്ന ടൂർ ആണ് ഇത്തവണ ഏറെ ആഘോഷമായി ആരംഭിച്ചത്.

വിദ്യാനികേതൻ സ്കൂളിലെ കായിക അധ്യാപകൻ മുളന്തുരുത്തി ഇഞ്ചിമല വട്ടത്തറ വീട്ടിൽ വി.കെ. വിഷ്ണു(33) പ്ലസ് ടു വിദ്യാർഥികളായ ഉദയം പേരൂർ വലിയകുളം അഞ്ജനം വീട്ടിൽ അഞ്ജന അജിത്(17), ആരക്കുന്നം കാഞ്ഞിരിക്കപ്പിള്ളി ചിറ്റേത്ത് വീട്ടിൽ സന്തോഷിന്റെ മകൻ സി.എസ്. ഇമ്മാനുവൽ(17), പത്താംക്ലാസ് വിദ്യാർഥികളായ മുളന്തുരുത്തി പൈങ്ങാരപ്പിള്ളി രശ്മിനിലയത്തിൽ രാജേഷ് ഡി. നായരുടെ മകൾ ദിയ രാജേഷ്(15), തിരുവാണിയൂർ ചെമ്മനാട് വെമ്പ്ലിമറ്റത്തിൽ ജോസ് ജോസഫിന്റെ മകൾ എൽന ജോസ്(15) എന്നിവരാണ് മരിച്ചത്. ഇവരെ കൂടാതെ കെഎസ്ആർടിസി യാത്രക്കാരായ തൃശൂർ നടത്തറ കൊഴുക്കുള്ളി ഗോകുലം രോഹിത് രാജ് (24), കൊല്ലം വള്ളിയോട് വൈദ്യൻകുന്ന് ശാന്തിമന്ദിരം ഒ.അനൂപ് (22) എന്നിവരാണ് മരിച്ചത്.

വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസ് അമിതവേഗതയിലായിരുന്നതാണ് അപകടത്തിന് കാരണമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. അമിത വേഗതയിലെത്തിയ ബസ് കാറിനെ മറികടക്കവേയാണ് കെഎസ്ആർടിസി ബസിന് പിന്നിൽ ഇടിച്ച് അപകടം സംഭവിച്ചത്. ഈ സമയം ടൂറിസ്റ്റ് ബസ് മണിക്കൂറില്‍ 97.5 കിലോമീറ്റര്‍ വേഗതയിലായിരുന്നു.

ഊട്ടിയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസ് കെഎസ്ആർടിസിയുടെ സൂപ്പർഫാസ്റ്റ് ബസിലിടിച്ച് ചതുപ്പിലേക്ക് മറിയുകയായിരുന്നു. കെഎസ്ആർടിസി കൊട്ടാരക്കരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർഥികളാണ് വിനോദയാത്ര പോയിരുന്നത്. വാളയാര്‍ വടക്കഞ്ചേരി കൊല്ലത്തറ ബസ് സ്റ്റോപ്പിന് സമീപത്ത് വച്ചാണ് അപകടമുണ്ടായത്.

സ്കൂള്‍ അധികൃതര്‍ക്കും വീഴ്ച സംഭവിച്ചിട്ടുണ്ട്. യാത്രയുടെ വിവരങ്ങള്‍ ആർടിഒയെ അറിയിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തിൽ സമ​ഗ്ര അന്വേഷണം നടത്തും. സ്കൂളുകൾ വിനോദയാത്ര സംഘടിപ്പിക്കുമ്പോൾ വിവരം ​ഗതാ​ഗത വകുപ്പിനെ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.