കുറ്റ്യാടി-കോഴിക്കോട് റൂട്ടില്‍ ഇന്നും സ്വകാര്യ ബസുകള്‍ ഓടില്ല; വിജയം കാണാതെ പോലീസുമായുള്ള ചര്‍ച്ച



പേരാമ്പ്ര:
കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം രണ്ടാം ദിവസവും തുടരുന്നു. ബുധനാഴ്ച ഉള്ള്യേരിയില്‍ ബസ് ജീവനക്കാരെ മര്‍ദ്ദിച്ചു എന്നാരോപിച്ചാണ് സ്വകാര്യ ബസ് തൊഴിലാളികള്‍ അപ്രതീക്ഷിതമായി ഇന്നലെ സമരം ആരംഭിച്ചത്. തൊഴിലാളികളുമായി ഇന്നലെ പൊലീസ് ചര്‍ച്ച നടത്തിയെങ്കിലും സമരം പിന്‍വലിക്കാന്‍ തയ്യാറായിട്ടില്ല.

ബുധനാഴ്ച വൈകി വാട്സപ്പ് ഗ്രൂപ്പുകളിലൂടെ ജീവനക്കാര്‍ സമരം പ്രഖ്യാപിക്കുകയായിരുന്നു. മിന്നല്‍ സമരം ഇന്നലെ ഇതുവഴിയുള്ള യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിച്ചു. രാവിലെ ജോലിയ്ക്കും ആശുപത്രിയിലും സ്‌കൂളിലും മറ്റും പോകുന്നവരാണ് ഏറെ ബുദ്ധിമുട്ടിയത്. സമരം അപ്രതീക്ഷിതമായതിനാല്‍ കെ.എസ്.ആര്‍.ടി.സി കൂടുതല്‍ ബസുകള്‍ ഷെഡ്യൂല്‍ ചെയ്തിരുന്നില്ല.

ഇന്നലെ സര്‍വ്വീസ് നടത്താന്‍ തയ്യാറായ ഒരു സ്വകാര്യ ബസിലെ ജീവനക്കാരെ കുറ്റ്യാടിയില്‍ മറ്റ് ബസ് തൊഴിലാളികള്‍ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. സര്‍വ്വീസ് നടത്തിയ സീ പേള്‍ ബസ് കുറ്റ്യാടിയില്‍ എത്തിയപ്പോള്‍ ബസ് സ്റ്റാന്റില്‍ വെച്ച് പണിമുടക്കില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ ഈ ബസിലെ ജീവനക്കാരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

സമരം തുടരുന്നതിനാല്‍ ഇന്ന് കെ.എസ്.ആര്‍.ടി.സി കൂടുതല്‍ സര്‍വ്വീസ് നടത്തും. വെള്ളിയാഴ്ചയായതിനാല്‍ വൈകുന്നേരം തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്.

ഇതേ സമയം സമാന്തര സര്‍വ്വീസ് നടത്തിയ ടാക്‌സി ഓട്ടോ ഡ്രൈവര്‍മാര്‍ യാത്രക്കാരെ പിഴിയുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇരട്ടിയിലധികം യാത്രാ ചാര്‍ജ് വാങ്ങിയതായാണ് യാത്രക്കാരുടെ ആരോപണം.