ചേനോളി കനാൽമുക്കിൽ കെ. കരുണാകരന്റെ സ്മാരക സ്തൂപവും കൊടിമരവും നശിപ്പിച്ചു; പ്രതിഷേധ പ്രകടനവുമായി കോൺഗ്രസ്


പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിൽ ചേനോളി കനാൽമുക്കിൽ കൊടിമരവും സ്തൂപവും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു. കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച കെ. കരുണാകരന്റെ സ്മാരക സ്തൂപവും കൊടിമരവുമാണ് നശിപ്പിച്ചത്.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. സ്തൂപം അടിച്ച് തകർത്ത നിലയിലും കൊടിമരം മുറിച്ചു മാറ്റിയ നിലയിലുമാണ് കണ്ടത്.

മുറിച്ചുമാറ്റിയ കൊടിമരം സ്തൂപത്തിന് 100 മീറ്റർ അകലെ കനാലിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തി. സംഭവത്തിൽ മണ്ഡലം കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.

ഡി.സി.സി. ജനറൽ സെക്രട്ടറി മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. മധുകൃഷ്ണൻ, വി.വി. ദിനേശൻ, സി.കെ. അജീഷ്, രഞ്ജിത്ത് തുമ്പകണ്ടി, കുഞ്ഞമ്മദ് മിന, പി.കെ. മോഹനൻ, എ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.