കുഞ്ഞനുജനെ നഷ്ട്ടപെട്ടു, ഉമ്മ മാനസികാരോഗ്യ കേന്ദ്രത്തിൽ, ഉപ്പയോടൊപ്പം ദുബൈയിലേക്ക് പോകണം; പാസ്പോർട്ട് വിട്ടു നൽകാതെ ഉമ്മയുടെ കുടുംബം; അത്തോളിയിലെ ഒൻപതു വയസ്സുകാരി പെൺകുട്ടിയുടെ പരാതിയിൽ അടിയന്തര നടപടിയെടുക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം


അത്തോളി: അമ്മയുടെ വീട്ടുകാരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും പാസ്പോർട്ട് നൽകുന്നില്ല. അവരുടെ കൈവശംവെച്ചിരിക്കുന്ന പാസ്‌പോർട്ട് ലഭ്യമാക്കണമെന്ന ഒമ്പതുവയസ്സുകാരിയുടെ ആവശ്യത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ബാലാവകാശ കമ്മിഷന്റെ നിർദേശം. അത്തോളി പോലീസിനാണു കമ്മീഷൻ നിർദ്ദേശം നൽകിയത്. കാപ്പാട് സ്വദേശി ഹലാ ആസിയ ഹുസൈൻ നൽകിയ പരാതിയിലാണ് നടപടി.

സ്വീകരിച്ച നടപടി ഇരുപത്തിനാലു മണിക്കൂറിനകം അറിയിക്കാനും അത്തോളി പോലീസിന് നിർദ്ദേശം നൽകി. ഹലായുടെ പരാതിയിൽ ബാലാവകാശ കമ്മിഷൻ ചെയർപേഴ്സൺ കെ.വി മനോജ് കുമാർ, കമ്മിഷൻ അംഗം ബബിത ബൽരാജ് എന്നിവരാണ് പോലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി ഓൺലൈൻ യോഗം സംഘടിപ്പിച്ചത്. നടപടി ആരംഭിച്ചതായി അത്തോളി പോലീസ് അറിയിച്ചു.

ജൂലൈ ഇരുപത്തിമൂന്നിനാണ് ഹലായുടെ ഇളയ സഹോദരൻ ഹംദാന്‍ ഡാനിഷ് ഹുസൈൻ മരണപ്പെട്ടത്. കുട്ടി ഹൃദയാഘാതംമൂലം മരിച്ചു എന്നാണ് ആദ്യം പറഞ്ഞത്. തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ ഉമ്മ ജുമൈല തലയണ ഉപയോഗിച്ച് മകനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് തെളിയുകയായിരുന്നു. കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ റിമാന്റിലാണിവർ.

മകന്റെ മരണത്തോടെ വിദേശത്ത് ജോലി ചെയ്യുകയായിരുന്ന ഉപ്പ ഹലായെ ജുമൈലയുടെ അത്തോളിയിൽ വീട്ടിൽ നിന്നും സ്വവസതിയിലേക്ക് കൂട്ടികൊണ്ടു വരുകയായിരുന്നു. ലീവ് തീർന്നതോടെ തിരികെ പോകുമ്പോൾ ഹലായെ ഉപ്പയോടൊപ്പം ദുബായിലേക്ക് കൊണ്ട് പോകാൻ ഒരുങ്ങുമ്പോഴാണ് അമ്മയുടെ വീട്ടുകാർ പാസ്പോർട്ട് നൽകാതെ തടഞ്ഞു വെച്ചിരിക്കുന്നത്. പല വട്ടം ആവശ്യപ്പെടുകയും പോലീസുദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർ വഴി മധ്യസ്ഥ ചർച്ചകൾ നടത്തിയെങ്കിയിലും ഫലം കാണാതായതോടെയാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്.

വിവാഹമോചനവുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കൾ നൽകിയ ഹർജിയിൽ കോടതി നടപടികൾ പുരോഗമിക്കുകയാണ്.

summary: child welfare commission asked to take immediate action on the complaint of a 9-year-old in Attholi regarding her passport held by her mother’s parents.