‘യാത്രക്കാരുടെ അവകാശം ഹനിക്കപ്പെടുന്നു, പണിമുടക്കിലേർപ്പെടുന്ന ബസ്സുകൾ തടയും’; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്കിനെതിരെ ഡി.വെെ.എഫ്.ഐ


പേരാമ്പ്ര: നിസ്സാര കാരണങ്ങളുടെ പേരിൽ നിരന്തരമായി മിന്നൽ പണിമുടക്ക് നടത്തുന്ന കുറ്റ്യാടി-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ്സുകൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡി.വെെ.എഫ്.ഐ ജില്ലാ കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. അല്ലാത്തപക്ഷം മിന്നൽ പണിമുടക്കിൽ ഏർപെടുന്ന ബസ്സുകൾ തടയുമെന്നും യാത്രക്കാർക്ക് ആവശ്യമായ ബദൽ സംവിധാനം ഒരുക്കുമെന്നും ഡി.വെെ.എഫ്.ഐ വ്യക്തമാക്കി.

ബസ് സമരം കാരണം യാത്രക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവർക്ക് വലിയ പ്രയാസമാണ്. സമയബന്ധിതമായും സുരക്ഷിതമായുമുള്ള യാത്ര, യാത്രക്കാരുടെ അവകാശമാണ്. ഇത് ഹനിക്കപ്പെടുന്നത് അംഗീകരിക്കാൻ കഴിയില്ല. നേരത്തെ ഉണ്ടായ ചില വിഷയങ്ങളിൽ തൊഴിലാളി സംഘടനകളെയും പോലീസിന്റെയും മറ്റും സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ മിന്നൽ പണിമുടക്ക് ഉണ്ടാവാൻ പാടില്ല എന്ന് തീരുമാനിച്ചതാണ്.

എന്നാൽ ഈ തീരുമാനത്തിന് വിരുദ്ധമായി നിരന്തരം ഇത്തരം സമരങ്ങൾ നടത്തി ജനങ്ങളെ വെല്ലുവിളിക്കുന്ന സമീപനമാണ് ബസുടമകൾ സ്വീകരിക്കുന്നത്. സമരാഭാസങ്ങൾക്കെതിരെ ശക്തമായ ഇടപെടലുകൾ നടത്തും. ഇന്ന് കുറ്റ്യാടി, ഉള്ളിയേരി, പേരാമ്പ്ര എന്നിവിടങ്ങളിൽ ഡി.വെെ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തുമെന്നും ഓടുന്ന ബസ്സുകൾക്ക് സംരക്ഷണം നൽകുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു.

Summary: Dyfi against private bus strike on Kuttyadi-Kozhikode route