‘ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും സ്മരണകൾ ഉണർത്തുന്ന ദിനമാണ് ബലിപെരുന്നാൾ’; വിശ്വാസികൾക്ക് ആശംസകൾ നേർന്ന് മുഖ്യമന്ത്രിയും ടി.പി രാമകൃഷ്ണൻ എം.എൽഎയും


പേരാമ്പ്ര: പേരാമ്പ്ര ഉൾപ്പെടെ കേരളത്തിലെ വിശ്വാസികൾ കനത്ത മഴയെ അവ​ഗണിച്ചും ബലി പെരുന്നാൾ ആഘോഷിക്കുന്ന തിരക്കിലാണ്.
പെരുന്നാള്‍ നമസ്‌കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസികളുടെ പ്രധാന കര്‍മ്മം. പുതു വസ്ത്രമണിഞ്ഞ് പെരുന്നാൾ നിസ്ക്കാരത്തിനു ശേഷം സ്‌നേഹാശംകള്‍ കൈമാറി ഊഷ്മളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികള്‍ കടന്നു. കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. മുഖ്യമന്ത്രി പിണറായി വിജയനും ടി.പി രാമകൃഷ്ണൻ എം.എൽ.എയും അടക്കമുള്ളവര്‍ വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്നു.

മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്‌കാരം ത്യാഗമാണെന്ന് ഓര്‍മിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങള്‍ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആാര്‍പ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുള്‍ക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാള്‍ ആഘോഷം സാര്‍ത്ഥകമാക്കാനും ഏവര്‍ക്കും സാധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും നന്മയുടെയും സ്മരണകൾ ഉണർത്തുന്ന ദിനമാണ് ബലിപെരുന്നാളെന്ന് ടി.പി രാമകൃഷ്ണൻ എം.എൽ.എ പറഞ്ഞു. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണം.

എല്ലാ വ്യത്യാസങ്ങളും മറന്ന് ഒന്നുചേരാനും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങൾ പങ്കുവയ്ക്കാനും സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ.