മാലിന്യ മുക്തം; ഗ്രീന്‍ ചക്കിട്ടപാറ- ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കമായി


ചക്കിട്ടപാറ: പഞ്ചായത്തിലെ മാലിന്യമുക്ത പരിപാടിയായ ഗ്രീന്‍ ചക്കിട്ടപാറ – ക്ലീന്‍ ചക്കിട്ടപാറ പദ്ധതിക്ക് തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായി 5800 വീടുകള്‍ ഒരു ദിവസം കൊണ്ട് മാലിന്യ മുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

പതിനഞ്ചു വാര്‍ഡുകളിലെ മൂവായിരം സന്നദ്ധ സേവന പ്രവര്‍ത്തകരാണ് മാലിന്യ സംസ്‌കരണ യജ്ഞത്തില്‍ പങ്കാളികളായത്. 146 അയല്‍ക്കൂട്ടങ്ങളില്‍ നിന്നും രൂപവത്ക്കരിച്ച 250 സ്‌ക്വാഡുകളായാണ് ഇവര്‍ ശുചീകരണത്തില്‍ പങ്കെടുത്തത്.

വീടുകളില്‍ നിന്നും വേര്‍തിരിച്ചു എടുക്കുന്ന ഖര മാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവ എംസിഎഫിലേക്ക് മാറ്റും.

പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ശോഭ പട്ടാണികുന്ന് അധ്യക്ഷത വഹിച്ചു.
ചടങ്ങില്‍ ഊരു മൂപ്പന്‍ ചന്തു, ബീന സജീവന്‍, പി.കെ.ബിനു എന്നിവര്‍ സംസാരിച്ചു.