രണ്ട് ദിവസത്തെ മഴ; വടകരയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു


വടകര: രണ്ട് ദിവസം തുടര്‍ച്ചയായി പെയ്ത മഴയില്‍ വടകരയില്‍ മൂന്ന് വീടുകള്‍ തകര്‍ന്നു. വളയം അരുവിക്കര പിലാവുള്ളതില്‍ ഒണക്കന്റെ വീട്, എടച്ചേരി നോര്‍ത്ത് കോരച്ചംകണ്ടിയില്‍ സുരേന്ദ്രന്റെ വീട്, വാണിമേല്‍ കൊമ്മിയോട് തുണ്ടിച്ചാലില്‍ നാണുവിന്റെ വീട് എന്നിവയാണ്‌ തകര്‍ന്നത്. വീട്ടുകാരെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. പുറമേരിയില്‍ ശിശു മന്ദിരത്തിന്റെ കിണര്‍ ഇടിഞ്ഞ് താഴ്ന്നു.

മഴക്ക് ശമനമായതോടെ കൊയിലാണ്ടി താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പ് പിരിച്ചുവിട്ടു. ചങ്ങരോത്ത് വില്ലേജിലെ കടിയങ്ങാട് എൽ.പി സ്കൂളിലെ ക്യാമ്പാണ് പിരിച്ചുവിട്ടത്. നിലവില്‍ കോഴിക്കോട് താലൂക്കില്‍ മാത്രമാണ് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്. മൂന്ന് ക്യാമ്പുകളിലായി 18 പേരാണുള്ളത്.

പന്നിയങ്കര വില്ലേജിലെ ജി.എല്‍.പി.എസ് കപ്പക്കല്‍, ചേവായൂര്‍ വില്ലേജിലെ ജി.എച്ച്.എസ് എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ്, മാവൂര്‍ വില്ലേജിലെ കച്ചേരിക്കുന്ന് അങ്കണവാടി, എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ പ്രവര്‍ത്തിക്കുന്നത്.

കൊയിലാണ്ടി താലൂക്കിലെ പേരാമ്പ്ര വില്ലേജില്‍ ഉള്‍പ്പെട്ട കുന്നിയുള്ള പറമ്പില്‍ തങ്കയുടെ വീടിന് മുകളില്‍ മരം വീണ് വീട് ഭാഗികമായി നശിച്ചു.

ജില്ലയില്‍ കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നു. 1077 ആണ് ടോള്‍ ഫ്രീ നമ്പര്‍. കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 – 2371002

കോഴിക്കോട് താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495-2372967
താമരശേരി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0495 -2224088
വടകര താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2520361
കൊയിലാണ്ടി താലൂക്ക് കണ്‍ട്രോള്‍ റൂം നമ്പര്‍ : 0496-2623100

Summary: Haevy rain Houses were destroyed