നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് കാരണം മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കൊണ്ടുള്ള വൈരാഗ്യമെന്ന് പ്രതി; പെണ്‍കുട്ടിക്ക് തുടര്‍ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍


കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്.

അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്‌നാസിനെ റിമാന്‍ഡ് ചെയ്തു. മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ കുറ്റ്യാടി മൊകേരി സ്വദേശി റഫ്‌നാസ് വെട്ടുകയായിരുന്നു. തലയ്ക്കും ശരീരമാസകലവും പെണ്‍കുട്ടിയ്ക്ക് വെട്ടേറ്റിട്ടുണ്ട്. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നില ഗുരുതരമായതോടെയാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.

പെണ്‍കുട്ടിയെ ആക്രമിച്ചശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച റഫ്‌നാസിനെ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടാനുള്ള ശ്രമത്തിനിടെ പ്രതി കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു.

സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു.