തൂണേരിയില്‍ സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെപോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍


നാദാപുരം: തൂണേരി ബാലവാടിയില്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന സി.പി.എം നേതാക്കളെ ഇടിച്ച് വീഴ്ത്തി നിര്‍ത്താതെ പോയ ജീപ്പ് ഡ്രൈവര്‍ അറസ്റ്റില്‍. വയനാട് തലപ്പുഴ ആലാറ്റില്‍ സ്വദേശി പുന്നക്കര അനീഷിനെയാണ് (35) നാദാപുരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ.വി.ഫായിസ് അലിയും സംഘവും അറസ്റ്റ് ചെയ്തത്. വയനാട് പെരിയ സ്വദേശി തൊഴുതുങ്കല്‍ സുധാകരന്റെ കെഎല്‍ 13 ഇ 4831 ജീപ്പ് കസ്റ്റഡിയിലെടുത്തു.

ഈ മാസം 11 ന് രാത്രി 7 നായിരുന്നു കേസിനാസ്പദമായ സംഭവം. സിപിഎം തൂണേരി ലോക്കല്‍ കമ്മിറ്റി അംഗം സുരേഷ് ബാബു, മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കുട്ടങ്ങാത്ത് ഭാസ്‌കരന്‍ എന്നിവര്‍ തൂണേരിയില്‍ നിന്നു കെഎസ്‌കെടിയു യോഗം കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് നാദാപുരം ഭാഗത്തു നിന്നു വന്ന ജീപ്പ് ഇടിച്ചു വീഴ്ത്തി നിര്‍ത്താതെ പോയത്. ഗുരുതരമായി പരുക്കേറ്റ ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

വയനാട് പേരിയയില്‍ നിന്ന് കൈവേലിയില്‍ അമ്മയുടെ വീട്ടിലെത്തിയ അനീഷ് അമ്മയ്‌ക്കൊപ്പം കോട്ടേമ്പ്രത്തെ സഹോദരിയുടെ വീട്ടിലേക്കു പോകുമ്പോഴാണ് അപകടം സംഭവിച്ചത്. അപകട ശേഷം കോട്ടേമ്പ്രത്ത് താമസിച്ച അനീഷ് പിറ്റേന്ന് തലശ്ശേരി വഴി വയനാട്ടിലേക്ക് കടന്നു. പിന്നീട് കര്‍ണാടകയിലെ പുട്ടയില്‍ കൊണ്ടു പോയി ജീപ്പില്‍ രൂപ മാറ്റങ്ങള്‍ വരുത്തി പെരിയയില്‍ എത്തുകയായിരുന്നു.

നാദാപുരം പൊലീസ് രണ്ടാഴ്ചയായി നൂറിലേറെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചാണ് ജീപ്പ് തിരിച്ചറിഞ്ഞത്.എസ്‌ഐ വി.സജീവന്‍, എഎസ്‌ഐ മനോജ് രാമത്ത്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ കെ.കെ.ലതീഷ്, രാജേഷ് കുമാര്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.