ജീവിതശൈലീ രോഗങ്ങളെ കൈപ്പിടിയിലൊതുക്കാം; പേരാമ്പ്രയിൽ ‘ജീവതാളം 2022-23’ ബ്ലോക്ക് തല ശിൽപ്പശാല


പേരാമ്പ്ര: ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്കരിച്ച ‘ജീവതാളം’ പദ്ധതിയുടെ ഭാഗമായി പേരാമ്പ്രയിൽ ബ്ലോക്ക് തല ശിൽപ്പശാല നടത്തി. ബ്ലോക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി.ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചർ അധ്യക്ഷയായി.

താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. ഗോപാലകൃഷ്ണൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. നൊച്ചാട് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ചങ്ങരോത് കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ആനന്ദൻ,
ബി.ഡി.ഒ കാദർ എന്നിവർ ആശംസയർപ്പിച്ചു. ഹെൽത്ത്‌ സൂപ്പർ വൈസർ മനോജ്‌ കുമാർ നന്ദി പ്രകാശിപ്പിച്ചു.

ജീവതാളം പദ്ധതിയെ കുറിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുരേശൻ, ജില്ലാ മെഡിക്കൽ ഓഫീസിലെ ടെക്നിക്കൽ അസിസ്റ്റന്റ് ജോസ്, മീഡിയ & എഡ്യൂക്കേഷൻ ഓഫീസർ മുസ്തഫ എന്നിവർ വിഷയം അവതരിപ്പിച്ചു.

ജീവിത ശൈലീ രോഗങ്ങൾക്കെതിരെ ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യ മാറ്റവും രോഗപ്രതിരോധവും നേരത്തെയുള്ള രോഗനിർണ്ണയവും നിയന്ത്രണവും ലക്ഷ്യമാക്കിക്കൊണ്ട് വിഭാവനം ചെയ്യുന്ന സമഗ്ര സാമൂഹികാധിഷ്ഠിത ജീവിതശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി. ആരോഗ്യകരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിതശൈലി എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ശാസ്ത്രീയമായ വ്യായാമം, നമ്മുടെ ഭക്ഷണ പ്ലേറ്റിൽ ഉൾപ്പെടുത്തേണ്ട ആഹാര ഘടകങ്ങൾ എന്തൊക്കെയെന്നും കൂടാതെ വായിലും സ്തനത്തിലും ഗർഭാശയഗളത്തിലും ഉണ്ടാവിനിടയുള്ള ക്യാൻസർ ലക്ഷണങ്ങളെ ലളിതമായി നേരത്തെ കണ്ടെത്താൻ ജനങ്ങളെ ബോധവാന്മാരാക്കുന്നതോടപ്പം 18 വയസ്സിനു മുകളിലുള്ള മുഴുവൻ പേരെയും രക്തസമ്മർദ്ദം, പ്രമേഹം എന്നിവ നിർണ്ണയിക്കുന്നതിനുള്ള സ്ക്രീനിങ് ക്യാമ്പിൽ എത്തിച്ച് ജീവിത ശൈലീ രോഗങ്ങൾ നേരത്തെ കണ്ടത്തുക കൂടി ഇതിൽ ലക്ഷ്യമിടുന്നു.