അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തി ടാബുകളുമായി കടന്നു; മാസങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി നാദാപുരം പോലീസ്


നാദാപുരം: ജോലിക്കെത്തിയ സ്ഥാപനത്തില്‍ നിന്ന് ടാബുമായി കടന്നു കളഞ്ഞ പ്രതിയെ മാസങ്ങള്‍ക്കു ശേഷം പിടികൂടി നാദാപുരം പോലീസ്.
മാസങ്ങള്‍ക്ക് മുമ്പ് അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് കാണാതായ ടാബുകളുമായാണ് കൊല്ലം നിലമ്മല്‍ സ്വദേശി സജി ഭവനില്‍ സാബു (28) അറസ്റ്റിലായത്. വടകര സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നാദാപുരം പോലീസ്് പ്രതിയെ അറസ്റ്റ് ചെയ്തത്. 2021 ഒക്ടോബര്‍ മാസത്തിലാണ് ആരോഗ്യവിവര ശേഖരണത്തിന്റെ ഭാഗമായി ഹെല്‍ത്ത് സെന്ററില്‍ സൂക്ഷിച്ച 30000 രൂപ വിലയുള്ള രണ്ട് ടാബുകള്‍ കാണാതായത്. തുടര്‍ന്ന് നാദാപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

ആശുപത്രിയില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തിയ സാബു അലമാരകളില്‍ സൂക്ഷിച്ച ടാബുകള്‍ മോഷ്ടിക്കുകയായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ഇതില്‍ ഒരു ടാബ് കിളിമാനൂരിലെ മൊബൈല്‍ കടയില്‍ 1500 രൂപയ്ക്ക് വിറ്റു. ഷോപ്പുടമ ടാബ് മറ്റൊരാള്‍ക്ക് വില്‍പ്പന നടത്തുകയും ഇയാള്‍ ഇത് ഉപയോഗിക്കുകയും ചെയ്തതോടെ ലൊക്കേഷന്‍ മനസിലാക്കിയ പോലീസ് കിളിമാനൂരിലെത്തുകയായിരുന്നു. യുവാവിനെ കസ്റ്റഡിയിലെടുത്ത്
ചോദ്യം ചെയ്തതോടെയാണ് അന്വേഷണം സാബുവിലെത്തിയത്. കാണാതായ രണ്ടാമത്തെ ടാബ് പ്രതിയുടെ വീട്ടില്‍ സൂക്ഷിച്ച നിലയില്‍
പോലീസ് കണ്ടെത്തി. തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ നാദാപുരത്തെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി ആശുപത്രിയിലെത്തിച്ച് തെളിവെടുത്തു.

ടാബുകള്‍ കാണാതായതിന് പിന്നില്‍ ആശുപത്രി ജീവനക്കാരാണ് എന്ന തരത്തില്‍ വ്യാജ പ്രചരണം ചില ഭാഗങ്ങളില്‍ നിന്നുണ്ടായത് വന്‍ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. അഡിഎസ് ഐ ഇ. പ്രശാന്ത്, എ എസ് ഐ മനോജ് രാമത്ത് , സിനിയര്‍ സി പി ഒ കെ.കെ.ലതീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.