പുലപ്ര കുന്ന് കോളനിയിലെ മണ്ണെടുപ്പ് നിയമ വിധേയമാക്കണം, പേരാമ്പ്ര താലൂക്കാശുപത്രിക്കായി സികെജി കോളേജിന്റെ ഭൂമി വിട്ടുനല്‍ക്കുന്നതിന്റെ നടപടികള്‍ വേഗത്തിലാക്കണം; ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് ജില്ലാ വികസന സമിതി യോഗം


കോഴിക്കോട്: ജില്ലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ വികസനസമിതി യോഗം ചേര്‍ന്നു. ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടര്‍ നടപടികളും യോഗം വിലയിരുത്തി.

പേരാമ്പ്ര താലൂക്ക് ആശുപത്രി കെട്ടിടം നിര്‍മ്മിക്കുന്നതിനായി സികെജി കോളേജിന്റെ ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ടി പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍ദ്ദേശിച്ചു. പ്രദേശത്ത് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ബീച്ച് ആശുപത്രി മാസ്റ്റര്‍ പ്ലാന്‍ പുതിയ എസ്റ്റിമേറ്റ് ധനകാര്യ വകുപ്പിന്റെ അനുമതിക്കായി സമര്‍പ്പിച്ചതായും പ്ലാന്‍ പാസായതായും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പുലപ്രക്കുന്ന് കോളനിയിലെ മണ്ണെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്നും എംഎല്‍എ ടിപി രാമകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു. നിയമവിധേയമായി മണ്ണെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വടകര കുടുംബ കോടതിയുടെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പത്ത് ദിവസത്തിനുള്ളില്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പയ്യൂര്‍-കീഴരിയൂര്‍-നെല്യാടി-കൊല്ലം റോഡില്‍ കല്ലിടലുമായി ബന്ധപ്പെട്ട നടപടി വേഗത്തില്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെമ്പുക്കടവ് പാലം പ്രവൃത്തി പൂര്‍ത്തിയായതായും ലാന്റ് അക്വസിഷന്‍ പൂര്‍ത്തിയാകുന്ന മുറക്ക് അപ്രോച്ച് റോഡിന്റെ പ്രവൃത്തി തുടങ്ങുന്നതാണെന്നും എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മെഡിക്കല്‍ സംഭരണ കേന്ദ്രങ്ങളിലെ തീപ്പിടുത്തത്തിന്റെ സാഹചര്യത്തില്‍ നടുവണ്ണൂര്‍ മെഡിക്കല്‍ സ്റ്റോറില്‍ സൂക്ഷിച്ച ബ്ലീച്ചിങ് പൗഡറുകളുടെ പാക്കറ്റുകള്‍ സുരക്ഷിതമാക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് ടി.പി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു. നിലവില്‍ പ്രദേശത്ത് സൂക്ഷിച്ചിരിക്കുന്ന പാക്കറ്റുകള്‍ അവിടെ നിന്നും മാറ്റുന്നത് വരെ ഒരു അഗ്‌നിരക്ഷാ യൂണിറ്റ് സമീപത്തായി സജ്ജമാക്കി നിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബ്ലീച്ചിങ് പൗഡര്‍ സംബന്ധിച്ച പരിശോധന റിപ്പോര്‍ട്ട് വരാന്‍ ഒരാഴ്ച്ച എടുക്കുമെന്ന് ഡിഎംഒ പറഞ്ഞു. അഗ്‌നിശമന യൂണിറ്റ് മേധാവിയുമായി വിഷയം ചര്‍ച്ച ചെയ്ത് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

 

ചക്കിട്ടപ്പാറ പഞ്ചായത്തിലെ പട്ടയപ്രശ്നവും ചങ്ങരോത്ത് പഞ്ചായത്തിലെ ജാനകിവയല്‍ പട്ടയം സംബന്ധിച്ചും പ്രത്യേക ഇടപെടല്‍ വേണമെന്ന് ടിപി രാമകൃഷ്ണന്‍ എംഎല്‍എ ആവശ്യപ്പെട്ടു.

മുതുകാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുമായി ബന്ധപ്പെട്ട് 17 കോടി രൂപയുടെ സര്‍ക്കാര്‍ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. പട്ടികജാതി ഡയറക്ടേറ്റുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാമെന്ന് ടിപി രാമകൃഷ്ണന്‍ എംഎല്‍എ പറഞ്ഞു.

വടകര താലൂക്ക് ഓഫീസിലെ അപകടകരമായ രീതിയിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റല്‍ പ്രവൃത്തി ആരംഭിച്ചതായി വടകര തഹസില്‍ദാര്‍ അറിയിച്ചു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എമാരായ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍, ടിപി രാമകൃഷ്ണന്‍, കാനത്തില്‍ ജമീല, പിടിഎ റഹീം, ലിന്റോ ജോസഫ്, ജില്ലാ കലക്ടര്‍ എ ഗീത, സബ് കലക്ടര്‍ വി ചെല്‍സാസിനി, എഡിഎം സി മുഹമ്മദ് റഫീഖ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടി.ആര്‍ മായ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.