നാടാകെ ഒരുങ്ങിക്കഴിഞ്ഞു, ചെറുവണ്ണൂര്‍ കണ്ടീത്തായയില്‍ കുടുംബശ്രീ 25ാം വാര്‍ഷികാഘോഷത്തിനായി; കലാ-സാംസ്‌കാരിക-സാമൂഹിക പരിപാടികള്‍ക്ക് പുതുവര്‍ഷത്തില്‍ തുടക്കം


ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് 9ാം വാര്‍ഡ് കണ്ടീത്തായയില്‍ കുടുംബശ്രീ 25ാം വാര്‍ഷികാഘോഷം സംഘടിപ്പിക്കുന്നു. ‘നാട്ടുനന്മ 23’ എന്ന പേരില്‍ ജനുവരി ഒന്നു മുതല്‍ 11 വരെയാണ് പരിപാടികള്‍ നടക്കുന്നത്. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിരവധി കലാസാംസ്‌കാരിക, സാമൂഹിക പരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തിരിക്കുന്നത്.

ജനുവരി ഒന്നിന് വൈകുന്നേരം നാല് മണിയ്ക്ക് ചെറുവണ്ണൂര്‍ ടൗണില്‍ സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ‘അരുത് ലഹരി’ എന്ന പ്രമേയത്തില്‍ ജാഗ്രതാ സദസ്സ് നടത്തും. 3ന് രാവിലെ ഒന്‍പത് മണി മുതല്‍ പ്രദേശത്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും.

ജനുവരി 5ന് വൈകുന്നേരം 4മണിയ്ക്ക് കട്ടയാട്ട്മുക്കില്‍ കുടുംബശ്രീ വയോജനങ്ങള്‍ക്ക് ആദരവും തുടര്‍ന്ന് ആറു മണിയോടെ ജാനുതമാശ കലാകാരന്മാരുടെ പരിപാടിയും ഒരുക്കും.

7ന് ശനിയാഴ്ച്ച പേരാമ്പ്ര ഇ.എം.എസ് സഹകരണ ആശുപത്രിയുമായി ചേര്‍ന്ന് മെഡിക്കല്‍ ക്യാമ്പ് നടത്തും. രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ കാര്യാട്ട്കുന്ന് അങ്കണവാടിയിലാണ് ക്യാമ്പ് നടക്കുക.

കുടുംബശ്രീ കലോത്സവത്തിന്റെ ഉദ്ഘാടനം 10ന് വൈകുന്നേരം ആറ് മണിയ്ക്ക് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ടി ഷിജിത്ത് ഉദ്ഘാടനം ചെയ്യും.

സമാപന ദിവസമായ 11ന് വൈകുന്നേരം 4മണി മതല്‍ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം എന്നിവയും നടക്കും. സമ്മേളനം കൊയിലാണ്ടി എം.എല്‍.എ. കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാത്രി 7.30 ഓടെ ‘നത്ത് മാത്തന്‍ ഒന്നാം സാക്ഷി’ നാടകവും നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.