നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; ആകെ രോഗബാധിതർ 20, രോഗം സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു


നാദാപുരം: നാദാപുരത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 20 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നു. കുന്നുമ്മൽ, നരിപ്പറ്റ, മരുതോങ്കര, തൂണേരി, വളയം, ചെക്യാട് പഞ്ചായത്തുകളിലും രോഗബാധിതരെ കണ്ടെത്തി. രോഗം ബാധിച്ചവരുടെ സമ്പർക്കം വഴിയാകാം മറ്റിടങ്ങളിലേക്കും രോഗം പടരുന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

നാദാപുരം പഞ്ചായത്തിലെ കുത്തിവെപ്പ് എടുക്കാനുള്ള 340 കുട്ടികളിൽ 65 പേർക്ക് വെള്ളിയാഴ്ച കുത്തിവെപ്പ് നൽകിയെങ്കിലും ഇന്നലെ ആർക്കും കുത്തിവെപ്പ് നൽകാനായില്ല. ജനപ്രതിനിധികളിൽ ഏറെയും തൃശ്ശൂർ കിലയിലെ പരിശീലനത്തിലാണ് തിങ്കളാഴ്ച തിരിച്ചെത്തും. വീടുകൾ കയറിയിറങ്ങിയുള്ള ബോധവൽക്കരണം ഇന്നലെയും നടന്നു. പരിശോധനയും നടത്തുന്നുണ്ട്.