നാദാപുരത്തെ യുവാവിന്റെ ദുരൂഹ മരണം; നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍


നാദാപുരം: കാസര്‍കോട് സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ബില്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനൊപ്പം സഞ്ചരിച്ചയാളെ കണ്ടെത്തിയത്.

ശ്രീജിത്തിനൊപ്പം കാറില്‍ മറ്റൊരാള്‍ കൂടി സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഈ സമയത്താണ് കേളകം സ്വദേശി സമീഷിന്റെ പേര് രേഖപ്പെടുത്തിയ പെട്രോള്‍ പമ്പിലെ ബില്‍ ലഭിക്കുന്നത്.

തുടര്‍ന്ന് ബാങ്ക് വഴി നടത്തിയ അന്വേഷണത്തില്‍ സമീഷിന്റെ വിലാസവും ഫോട്ടോയും ലഭിക്കുകയും കേസിന് വഴിത്തിരിവാകുകയുമായിരുന്നു. മാഹിയിലെ ബാറില്‍ നിന്നാണ് സമീഷും ശ്രീജിത്തും പരിചയപ്പെടുന്നത്. തുടര്‍ന്ന് ഇരുവരും ഒരുമിച്ച മദ്യപിക്കുകയും മൂന്നാറിലേക്ക് വിനോദ യാത്രയ്ക്ക് പോകാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനിടെ ദേശീയ പാതയിലെ പമ്പില്‍ നിന്ന് വാഹനത്തിന് പെട്രോള്‍ അടിക്കുകയും ചെയ്തിരുന്നു. മൂന്നാര്‍ യാത്രയില്‍ ഭാര്യയെയും മകനെയും ഒപ്പം കൂട്ടാന്‍ ശ്രീജിത്ത് ചോമ്പാലയിലുള്ള ഭാര്യ വീട്ടിലെത്തിയെങ്കിലും കൂടെ പോവാന്‍ ഭാര്യ വിസമ്മതിക്കുകയായിരുന്നു.

യാത്ര മുടങ്ങിയതോടെ സമീഷിന്റെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ഭര്‍തൃമതിയെ കാണാന്‍ ഇരുവരും നാദാപുരത്ത് എത്തുകയായിരുന്നു. യുവതി ലൊക്കേഷന്‍ അയച്ചുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഇരുവരും യുവതിയുടെ വീടിന് സമീപമെത്തിയെങ്കിലും പകല്‍ സമയമായതിനാല്‍ യുവതിയുടെ വീട്ടില്‍ കയറാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് ചുറ്റിക്കറങ്ങിയ ഇവര്‍ രാത്രിയായപ്പോള്‍ വീണ്ടും യുവതിയുടെ വീട്ടിലേക്ക് പുറപ്പെടുകയായിരുന്നു. അതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍പ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിലെത്തിക്കാന്‍ സമീഷ് ശ്രമിച്ചെങ്കിലും ആളുകള്‍ കൂടാന്‍ തുടങ്ങിയതോടെ അവിടെ നിന്നും കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് ഒളിവില്‍ കഴിഞ്ഞ സമീഷ് സമ്മര്‍ദ്ദം ശക്തമായതോടെ ബന്ധുക്കള്‍ക്കൊപ്പമെത്തിയാണ് കീഴടങ്ങിയത്.