കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിക്കും, ചുറ്റിവളയാതെ പേരാമ്പ്രയിലെത്താം; പാറക്കടവത്ത് താഴെ പാലം ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും


പേരാമ്പ്ര: നിർമ്മാണം പൂർത്തീകരിച്ച പാറക്കടവത്ത് താഴെ പാലം പൊതുമരാമത്ത് ടൂറിസം വകുപ്പുമന്ത്രി പി.എ മുഹമ്മദ് റിയാസ് ജൂലെെ മൂന്നിന് നാടിന് സമർപ്പിക്കും. ചടങ്ങിൽ ടി.പി രാമകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിക്കും. 8.072 കോടി രൂപ ചെലവിൽ ഇരുവശത്തും നടപ്പാതയുൾപ്പെടെയാണ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കല്ലൂർ, പുറവൂർ, മുതുവണ്ണാച്ച പ്രദേശങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് കല്ലൂർ ചെറുപുഴക്ക് കുറുകെ പാലം നിർമ്മിച്ചത്.

57 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചത്. ഇരുവശത്തും കോൺക്രീറ്റിന്റെ പാർശ്വഭിത്തിയുമുണ്ട്. കാൽനടയാത്രികർക്ക് ഏറേ സൗകര്യപ്രദമായ തരത്തിൽ ഒന്നര മീറ്റർ വീതിയിലാണ് ഇരുവശത്തും നടപ്പാത ഒരുക്കിയിരിക്കുന്നത്. ചങ്ങരോത്ത് പഞ്ചായത്തിലെ കല്ലൂർ ഭാ​ഗത്ത് 170 മീറ്ററും, വേളം പഞ്ചായത്തിലെ പുറവൂർ ഭാ​ഗത്ത് 375 മീറ്റർ നീളത്തിലും അനുബന്ധ റോഡും നിർമ്മിച്ചിട്ടുണ്ട്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.

കല്ലൂരിനെയും മുതുവണ്ണാച്ചയെയും ബന്ധിപ്പിച്ച് ഒരു പാലം വേണമെന്ന പ്രദേശവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്. ഇതോടെ മുതുവണ്ണാച്ച, പുറവൂര്‍, വേളം പ്രദേശത്തുകാര്‍ക്ക് കടിയങ്ങാട് പാലത്ത് എത്താതെ എളുപ്പത്തില്‍ പേരാമ്പ്രയില്‍ എത്തിച്ചേരാം.

പേരാമ്പ്ര മണ്ഡലത്തിലെ വിവിധ പാലങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ പുരോ​ഗമിക്കുകയാണ്. തോട്ടത്താം കണ്ടി, തിമിരിപ്പുഴ, നടയ്ക്കൽ, മുറി നടയ്ക്കൽ പാലങ്ങളുടെ പണി പൂർത്തിയായി ക്കൊണ്ടിരിക്കുകയാണ് . കീഴരിയൂർ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയേയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലാണ്. അകലാപ്പുഴ പാലത്തിന്റെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ്.