പേരാമ്പ്ര ഹൈസ്കൂളിൽ പി.ടി.എ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചേരി തിരിഞ്ഞുള്ള തർക്കത്തിൽ ഒത്തുതീർപ്പായില്ല, വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ


പേരാമ്പ്ര: പേരാമ്പ്ര ഹൈസ്കൂളിലെ പിടിഎ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ . ഇന്നലെ നടന്ന പിടിഎ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ചേരിതിരിഞ്ഞുള്ള തർക്കത്തെ തുടർന്ന് വോട്ടെണ്ണൽ നടന്നിരുന്നില്ല.

വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് രാത്രിയിലും ഒരു വിഭാഗം രക്ഷിതാക്കളും യുഡിഎഫ് പ്രവർത്തകരും സ്കൂളിൽനിന്ന് പിരിഞ്ഞു പോകാതെ പ്രതിഷേധിച്ചിരുന്നു.തുടർന്ന് രാത്രി 10 മണിയോടെ പോലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ പ്രശ്നം ഒത്തുതീർപ്പാക്കുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ വോട്ടെണ്ണൽ നടത്താനായിരുന്നു തീരുമാനം. എന്നാൽ ഇന്ന് വീണ്ടും തർക്കം ഉണ്ടായതിനെ തുടർന്ന് ചർച്ച തുടരുകയാണ്.

രാഷ്ട്രീയ ആഭിമുഖ്യമുള്ള രണ്ട് പാനലുകൾ മത്സര രംഗത്ത് വന്നതോടെ വീറും വാശിയോടെയും ആയിരുന്നു ഇന്നലെ വോട്ടെടുപ്പ് നടന്നത്.

പോളിംഗ് പൂർത്തിയായ സമയത്ത് ഒരു സ്ഥാനാർത്ഥിയുടെ പേര് എഴുതിയത് മാറിപ്പോയതിനാൽ തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് സിപിഎമ്മിനോട് ആഭിമുഖ്യമുള്ളവർ റിട്ടേണിങ് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു.
യുഡിഎഫ് എതിർത്തതോടെ വോട്ടെണ്ണൽ അനിശ്ചിതത്വത്തിൽ ആവുകയായിരുന്നു. പേര് മാറി എഴുതിയത് ശരിയായ പേരിൽ കണക്കാക്കി പോട്ടെണ്ണൽ നടത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും അനുകൂല നടപടി ഉണ്ടായില്ല. ഇതേ തുടർന്ന് പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ബാലറ്റ് പെട്ടികൾക്ക് സംരക്ഷണം ഏർപ്പെടുത്തി. പോളിംഗ് അടുത്ത ദിവസത്തേക്ക് മാറ്റണമെന്ന് അധികൃതർ നിർദ്ദേശം മുന്നോട്ടു വച്ചെങ്കിലും വ്യാഴാഴ്ച തന്നെ വോട്ടെണ്ണണമെന്ന നിലപാടിൽ യുഡിഎഫ് ഉറച്ചുനിന്നു . .സ്കൂളിൽ നേരത്തെയും ഒരുതവണ ഭാരവാഹി തെരഞ്ഞെടുപ്പ് മാറ്റിവെച്ചതാണ്.