”ഈ പരിക്കിന്റ മുറിവുണങ്ങിയിട്ട് വേണം നിന്റെ നീതിക്ക് കാവലിരിക്കാന്‍” പേരാമ്പ്ര വാഹനാപകടത്തില്‍പ്പെട്ട പൊലീസുകാരന്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ‘വിഷംതുപ്പുന്ന’ കമന്റിട്ടവര്‍ക്ക് പൊലീസുകാരന്റെ വൈകാരികമായ മറുപടി


പേരാമ്പ്ര: പേരാമ്പ്രയില്‍ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ടുള്ള അപകടം സംബന്ധിച്ച വാര്‍ത്തയ്ക്കു കീഴില്‍ ‘വിഷംതുപ്പുന്ന’ കമന്റുകള്‍ എഴുതിയിട്ടവര്‍ക്ക് മറുപടിയെന്നോണം പൊലീസുകാരന്റെ വൈകാരികമായ കുറിപ്പ് ചര്‍ച്ചയാവുന്നു. ”ഈ പരിക്കിന്റ മുറിവുണങ്ങിയിട്ട് വേണം നിന്റെ നീതിക്ക് നിദ്രാവിഹീനനായി കാവലിരിക്കാന്‍” എന്നാണ് അദ്ദേഹം കുറിപ്പില്‍ പറയുന്നത്. പേരാമ്പ്ര സ്വദേശിയും പൊലീസ് അസോസിയേഷന്‍ ജില്ലാ ഭാരവാഹിയുമായ അഭിജിത്താണ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്.

പൊലീസ് ജീപ്പ് അപകടത്തില്‍പ്പെട്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റുവെന്ന തരത്തില്‍ ഒരു ഓണ്‍ലൈന്‍ ചാനലില്‍ വന്ന വാര്‍ത്തയ്ക്കു കീഴില്‍ വന്ന കമന്റുകളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടെ നല്‍കിയാണ് അഭിജിത്ത് ദുരന്തവാര്‍ത്തകളിലും ആനന്ദം കണ്ടെത്തുന്ന വിഷജീവികളെ തുറന്നുകാട്ടുന്നത്. അപകട വാര്‍ത്തയ്ക്കു കീഴില്‍ ‘നന്നായി’ ‘ചത്തോ’ ‘സന്തോഷം’ തുടങ്ങിയ കമന്റുകളാണുള്ളത്.

അഭിജിത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഉച്ചയോടെ പൊടുന്നനെ കേട്ട അപകട വാര്‍ത്തയുണ്ടാക്കിയ ഞെട്ടലിലാണിപ്പൊഴും. കാക്കിയിട്ടൊരുവന്‍ ജീവനോട് മല്ലിട്ട് ഐ.സി.യുവിലാണ്. പരിക്കിന്റെ വേദനയാല്‍ പുളയുന്ന മറ്റ് മൂന്നു പേര്‍ ആശുപത്രിക്കിടക്കയിലും.

അകം പൊള്ളുന്ന വേദനയിലും മികച്ച ചികിത്സയൊരുക്കാന്‍ ബന്ധുക്കള്‍ക്കൊപ്പം നാടും പോലീസുമൊന്നാകെ ആകുലപ്പെട്ട് ഓടുമ്പൊഴാണ് വാര്‍ത്ത അവതരിപ്പിച്ച ഒരു ചാനല്‍ ലിങ്കിലെ കമന്റുകള്‍ സഹപ്രവര്‍ത്തകരിലൊരുവന്‍ അയച്ചു തന്നത് കണ്ടത്.

സ്വന്തം വീടു വെള്ളത്തിലാഴുമ്പൊഴും മനോബലം കൈവിടാതെ നാടിന് രക്ഷയൊരുക്കാന്‍ കൈപിടിച്ച് കൊടുത്ത് ദുരന്ത സ്ഥലങ്ങളിലെല്ലാം കൈത്താങ്ങായി നിന്ന് ആക്രമണങ്ങളുടെ പരിധി കഴിഞ്ഞിട്ടും ആത്മസംയമനത്തോടെ
പൊതു സമാധാനം കാത്ത് അന്വേഷണ മികവില്‍ രാജ്യാന്തര മികവ് നേടി എന്തിനും ഏതിനും ആശ്രയമായ വര്‍ത്തമാന കാലത്തും.

തൊഴിലുകള്‍ക്ക് സ്റ്റാറ്റസ് നിശ്ചയിച്ച് അധമ നിറം ചാര്‍ത്തുന്ന വംശവെറിയുടെ സോഷ്യല്‍ മീഡിയ പുതുരൂപങ്ങളെയും ചോര കാണുമ്പോള്‍ കൊതിയുണരുന്ന ചിതറിത്തെറിച്ച മനുഷ്യ മാംസത്തില്‍ ആനന്ദം കണ്ടെത്തുന്ന നവ മാധ്യമ മാതൃകകളെയും നാട് പരിശോധിക്കട്ടെ

തിരിച്ച് കമന്റിടാന്‍ സമയക്കുറവുണ്ട് ഈ പരിക്കിന്റ മുറിവുണങ്ങിയിട്ട് വേണം നിന്റ നീതിക്ക് നിദ്രാവിഹീനനായി കാവലിരിക്കാന്‍.