കൂത്താളി, ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലത്തിന്റെ അടിത്തറ തകർന്നു; ആശങ്കയോടെ യാത്രക്കാർ


പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ രണ്ടാം വാർഡിനെയും ചങ്ങരോത്ത് പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുഴിക്കിനട പാലത്തിന്റെ അടിത്തറ തകർന്നു. മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള പാലം അപകടാവസ്ഥയിലായതോടെ ആശങ്കയോടെയാണ് യാത്രക്കാർ ഇതുവഴി കടന്ന് പോകുന്നത്.

1990-91 വർഷത്തെ ജെ.ആർ.വൈ പദ്ധതി വഴി 16000 രൂപയും ജനകീയ കമ്മിറ്റി സമാഹരിച്ച പൊതു ഫണ്ടും യുവജന ശ്രമദാനവും കൂടിച്ചേർന്നപ്പോഴാണ് പാലം യാഥാർത്ഥ്യമായത്. അന്നത്തെ മെമ്പർ കെ.ആയിഷ ടീച്ചർ മുൻകൈ എടുത്താണ് പാലം നിർമാണo പൂർത്തിയാക്കിയത്. സാങ്കേതികവിദ്യയുടെ ഇടപെടൽ കൂടാതെയുമുള്ള നിർമാണ പ്രവൃത്തിക്ക് മണ്ണ് പരിശോധനയോ പൈലിങ്ങോ നടത്തിയിരുന്നില്ല.

പുഴുക്കിനടയുടെ ഇരുവശത്തും കൃഷിയിടമായതിനാൽ ചതുപ്പ് നിലത്ത് വെള്ളക്കെട്ട് പതിവാണ് വർഷകാലത്ത് പാലത്തിനടിയിലൂടെ ശക്തമായ മലവെള്ള പാച്ചിലും ഉണ്ടാകും. ഇതെല്ലാം പാലത്തിന്റെ ബലക്ഷയത്തിന് കാരണമായി.

കടിയങ്ങാട് നിന്നും മൂരികുത്തി, പേരാമ്പ്ര, വഴി കോഴിക്കോടിനെയും, കല്ലൂർ, ചേനായിക്കടവ്, വേളം വഴി വടകര യേയും ബന്ധി പ്പിക്കുന്ന ബൈപാസ് റോഡിന്റ ആശ്രയം കൂടിയായ ഈ പാലത്തിലൂടെ കടന്ന് വേണം സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും കടന്ന് പോവാൻ. രണ്ട് പഞ്ചായത്തുകളിലെ അതിർത്തി പങ്കിടുന്ന ഗ്രാമ വാർഡും ജനവാസം കുറവും പാലം പുനർ നിർമാണം വൈകുന്നതിലെ കാലതാമസത്തിനു കാരണമായി പറയുന്നു.

അപ്രോച്ച് റോഡിന്റെ അവസ്ഥയും വളരെ ദയനീയമാണ്. ജില്ലാ, ബ്ലോക്ക്‌ മെമ്പർമാർ ഇടപെട്ട് റോഡിന്റെയും പാലത്തിന്റെയും പുനർനിർമാണം നടത്തണമെന്നാണ് പുല്ല്യോട്ട് മുക്ക് ജനകീയ കൂട്ടായ്മയുടെ ആവശ്യം.