കനത്ത മഴ: ചക്കിട്ടപാറയിൽ റോഡ് തകർന്നു


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ കനത്ത മഴയെ തുടർന്ന് റോഡ് തകർന്നു. പഞ്ചായത്തിലെ ആറിൽ വാർഡിൽ ഉൾപ്പെട്ട ഓനിപ്പുഴ-അയ്യപ്പ ക്ഷേത്ര റോഡാണ് തകർന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് പ്രദേശവാസികളുമായി സംസാരിച്ച് നിർദേശങ്ങൾ നൽകി.

സംസ്ഥാനമാകെ കാലവർഷം വ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന്റെ ഭാ​ഗമായി കോഴിക്കോട് ജില്ലയിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ചക്കിട്ടപാറയുടെ വിവിധ മേഖലകളിൽ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. തുടർച്ചയായുള്ള മഴയിലാണ് ഓനിപ്പുഴ-അയ്യപ്പ ക്ഷേത്ര റോഡ് തകർന്നത്.

ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ സുനിൽ,വനം വകുപ്പ്‌ ഡെപ്യുട്ടി റെയിഞ്ചർ ബൈജുനാഥ്‌,കെ സൂരജ്‌ എന്നിവർ സ്ഥലം സന്ദർശിച്ചു. എത്രയും പെട്ടന്ന് ഉചിതമായ നടപടികൾ സ്വീകരിക്കാൻ സംയുക്തമായ്‌ നിർദ്ദേശം നൽകി.

അതേസമയം അടുത്ത മൂന്ന് മണിക്കൂറിൽ കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ, ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റു ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.