ലൈസന്‍സില്ലാത്ത ആറ്‌ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി; പേരാമ്പ്രയില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന


പേരാമ്പ്ര: ഓപ്പറേഷന്‍ ഫോസ്‌കോസിന്റെ ഭാഗമായി പേരാമ്പ്രയില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. 50 സ്ഥാപനങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സില്ലാത്ത ആറു സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാന്‍ ഭക്ഷ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നാളെയും പരിശോധന തുടരും.

ലൈസന്‍സിന് പകരം രജിസ്‌ട്രേഷന്‍ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളെ കണ്ടെത്താനാണ് ഓപ്പറേഷന്‍ ഫോസ്‌കോസ് എന്ന പേരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് ലൈസന്‍സ് ഡ്രൈവ് സംഘടിപ്പിച്ചത്. ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ ഉപയോഗിച്ച് മാത്രം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 13 സ്‌ക്വാഡുകളാണ് പരിശോധനയ്ക്ക് ഇറങ്ങിയത്. 573 പരിശോധനകള്‍ നടത്തികഴിഞ്ഞു. ലൈസന്‍സ് ഇല്ലാത്ത 73 സ്ഥാപനങ്ങളാണ് അടച്ചു പൂട്ടിയത്. 52 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുകയാണ്.