പൊതുദര്‍ശനത്തിനുള്ള സൗകര്യം, സ്മൃതി വനങ്ങള്‍: സംസ്ഥാനത്തെ ആദ്യ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍, ഉദ്ഘാടനം ഇന്ന്‌


പേരാമ്പ്ര: സംസ്ഥാനത്തെ ആദ്യത്തെ ഭൂഗര്‍ഭ ശ്മശാനം ഉള്ള്യേരിയില്‍ ഒരുങ്ങുന്നു. ഉള്ള്യേരി പഞ്ചായത്തിലെ പാലോറ കാരക്കാട്ട് കുന്നില്‍ 2.6 ഏക്കര്‍ സ്ഥലത്ത് നിര്‍മിച്ച പ്രശാന്തി ഗാര്‍ഡന്‍ ശ്മശാനത്തിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച്ച മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും.

സ്മൃതിവനങ്ങള്‍, പൊതുദര്‍ശനത്തിന് വയ്ക്കാനുള്ള സൗകര്യം, ഉദ്യാനങ്ങള്‍, കാരക്കുന്ന് മലയില്‍നിന്നുള്ള പ്രകൃതിമനോഹര കാഴ്ചകള്‍ എന്നിവയാണ് ശ്മശാനത്തിന്റെ പ്രത്യേകതകള്‍. ഉദ്യാനം, ഇടവഴികള്‍, വായനമുറികള്‍, വിശ്രമ ഇരിപ്പിടങ്ങള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഇവിടെ ഒരുക്കിയിട്ടുണ്ട്.

പ്രകൃതിയുടെ തനത് ഘടന മാറ്റാതെ ഭൂമിക്കടിയിലായാണ് ശ്മശാനം നിര്‍മിച്ചിട്ടുള്ളത്. ബാലുശേരി മണ്ഡലത്തിലെ കായണ്ണ, കൂരാച്ചുണ്ട്, കോട്ടൂര്‍, പനങ്ങാട്, ബാലുശേരി, ഉള്ള്യേരി, നടുവണ്ണൂര്‍, അത്തോളി, ഉണ്ണികുളം പഞ്ചായത്തുകാര്‍ക്ക് ഉപയോഗപ്രദമാകും.

ഉള്ള്യേരി സംസ്ഥാനപാതയില്‍ പാലോറയില്‍നിന്ന് 700 മീറ്റര്‍ സഞ്ചരിച്ചാല്‍ ഈ ശ്മശാനത്തില്‍ എത്താം. ഒരേസമയം രണ്ട് മൃതദേഹം ദഹിപ്പിക്കാനുള്ള ഗ്യാസ് ക്രിമറ്റോറിയമാണ് ഇവിടെ ഒരുക്കിയിട്ടുളളത്. മരണാനന്തരച്ചടങ്ങുകള്‍ നടത്താനുള്ള വിവിധ സൗകര്യങ്ങളുമുണ്ടാവും. കുളിക്കാനും കര്‍മങ്ങള്‍ ചെയ്യാനും ഭസ്മം ശേഖരിക്കാനും പ്രത്യേക സൗകര്യമുണ്ട്.

ട്രോളിയിലൂടെ ചൂളയില്‍ വെക്കുന്ന മൃതദേഹം സംസ്‌കരിക്കുമ്പോള്‍ ഉണ്ടാവുന്ന പുക ശുദ്ധീകരിച്ച് മലയ്ക്ക് മുകളിലെ 30 മീറ്റര്‍ ഉയരമുള്ള കുഴലിലൂടെയാണ് പുറത്ത് വിടുക. ഈ പുകക്കുഴല്‍ ഭൂമി തുരന്നാണ് സ്ഥാപിച്ചിട്ടുള്ളത്.

മുന്‍ എംഎല്‍എ പുരുഷന്‍ കടലുണ്ടിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 4.25 കോടി രൂപയും കെ.എം സച്ചിന്‍ ദേവ് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപയും പഞ്ചായത്തിന്റെ 27 ലക്ഷം രൂപയും ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.