വളയം പഞ്ചായത്തിലെ കോടികള്‍മൂല്യമുള്ള മഞ്ഞപ്പള്ളിയിലെ ഭൂമി സംരക്ഷിക്കണമെന്നാവശ്യം; റവന്യൂമന്ത്രിക്ക് നിവേദനം നല്‍കി സര്‍വകക്ഷിസംഘം



വളയം: വളയം പഞ്ചായത്തില്‍ പതിറ്റാണ്ടുകളായി പുറമ്പോക്കായിക്കിടക്കുന്ന കോടികള്‍മൂല്യമുള്ള മഞ്ഞപ്പള്ളിയിലെ ഭൂമി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സര്‍വകക്ഷിസംഘം റവന്യൂ മന്ത്രി കെ രാജന് നിവേദനം നല്‍കി. മൂന്നേക്കര്‍ അമ്പത്തിയൊന്ന് സെന്റ് വിസ്തീര്‍ണമുള്ള പൊതുസ്ഥലം തട്ടിയെടുക്കാന്‍ നീക്കംനടക്കുന്നതായും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഇ.കെ വിജയന്‍ എം.എല്‍.എയുടെയും വളയം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രദീഷിന്റെയും നേതൃത്വത്തില്‍ മന്ത്രിക്ക് നിവേദനം നല്‍കിയത്.

പ്രശ്‌നത്തില്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കി. രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളായ എം ദിവാകരന്‍, എ.കെ രവീന്ദ്രന്‍, സി.എച്ച് ശങ്കരന്‍ കെ.സുനില്‍, കെ.പി ഗോവിന്ദന്‍, മഞ്ഞപ്പള്ളിഭൂമി സംരക്ഷണസമിതി കണ്‍വീനര്‍ കെ.പി കുമാരന്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

നേരത്തെ ആയഞ്ചേരി കോവിലകത്തിന്റെ അധീനതയിലുണ്ടായിരുന്ന ഭൂമിയുടെ ഒരുഭാഗം നാട്ടുകാര്‍ കളിസ്ഥലമായി ഉപയോഗിക്കുകയാണ്. എന്നാല്‍ ചിലര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ ഭൂമി തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. ഈ സഹചര്യത്തിലാണ് പൊതുസ്ഥലം സംരക്ഷിക്കാന്‍ നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്.

summary: the all party group submitted a petition to the revenue minister demanding the protection of the land of the manjappalli