കടുവാപ്പേടിയില്‍ നിന്നും അല്പം മാറി പെരുവണ്ണാമൂഴി വാസികള്‍; ജാഗ്രത കൈവിടാതെ വനപാലകര്‍


പെരുവണ്ണാമൂഴി: കടുവാപ്പേടിയില്‍ നിന്ന് ചെറുതായി മാറിത്തുടങ്ങി ജനങ്ങള്‍ ജാഗ്രത കൈവിടാതെ വനപാലകരും പഞ്ചായത്തും. മൂന്ന് ദിവസത്തോളമായിത്തുടര്‍ന്നിരുന്ന കടുവാപ്പേടിയില്‍ നിന്നും വിട്ട് വട്ടക്കയം ഇളങ്കോട് പ്രദേശങ്ങള്‍ കൂടുതല്‍ സജീവമായി. അതേസമയം നൈറ്റ് പട്രോളിങ് ഉള്‍പ്പെടെ സുരക്ഷ ശക്തമാക്കി വനപാലകര്‍.

നിലവില്‍ തുടര്‍ന്നു വന്നിരുന്ന പരിശോധന അവസാനിപ്പിച്ചതായും ഇനി എവിടെയെങ്കിവും കടുവയെക്കാണുന്നതായി വിവരം ലഭിച്ചാല്‍ ഉടന്‍തന്നെ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ബുധനാഴ്ച്ച പുലര്‍ച്ചെയോടെയാണ് പെരുവണ്ണാമൂഴി വട്ടക്കയം ഭാഗത്ത് കടുവയെ കണ്ടതായി ആദ്യം മൊഴിലഭിച്ചത്. റബ്ബര്‍ ടാപ്പിംഗിന് പോവുകയായിരുന്ന കൊല്ലം സ്വദേശികളായ ദമ്പതികളാണ് കടുവയെ ആദ്യം കാണുന്നത്. ഇവര്‍ ഇരുചക്ര വാഹനത്തില്‍ പോവുമ്പോള്‍ കടുവ റോഡ് മുറിച്ച് കടക്കുന്നതായി കാണുകയായിരുന്നു.

പിന്നീട് ഇളങ്കോട് മേഖലയില്‍ പൈകയില്‍ ഷാന്റിയാണ് വൈകുന്നേരം 7 മണിയോടെ വീട്ടുമുറ്റത്ത് കടുവയെ കണ്ടത്. ശേഷം പരുത്തിപാറ വിനീതിന്റെ കൃഷിയിടത്തിലും രാത്രി 9 മണിയോടെ കടുവയെ കണ്ടതായി ജോലിക്കാര്‍ പറഞ്ഞിരുന്നു.