‘എന്നെ പോലെയുള്ളവരെയും ജീവിക്കാന്‍ സമ്മതിക്കാത്തവരുണ്ടോ?’; ബാലുശ്ശേരിയിലെ മസ്‌കുലാര്‍ ഡിസ്‌ട്രോഫി ബാധിതനായി ശരീരം തളര്‍ന്ന യുവാവ് സങ്കടത്തോടെ ചോദിക്കുന്നു; പെട്ടിക്കടയില്‍ നിന്ന് മോഷണം പോയത് അയ്യായിരം രൂപയുടെ സാധനങ്ങള്‍


ബാലുശ്ശേരി: മസ്‌കുലാര്‍ ഡിസ്‌ട്രോഫി എന്ന രോഗം ബാധിച്ച് 14 വര്‍ഷമായി ശരീരം തളര്‍ന്നു പോയ യുവാവിന്റെ പെട്ടിക്കടയില്‍ മോഷണം. കൈതോട്ടുവയല്‍ ജിതിന്റെ പെട്ടിക്കടയിലാണ് വ്യാഴാഴ്ച രാത്രി മേല്‍ക്കൂര പൊളിച്ച് മോഷണം നടന്നത്. അയ്യായിരം രൂപയുടെ സാധനങ്ങളാണ് ഇവിടെ നിന്ന് നഷ്ടമായത്.

നാടന്‍ മോര്, നാടന്‍ അവില്‍, ഈന്ത്, വീട്ടിലുണ്ടാക്കിയ വിവിധ തരം അച്ചാറുകള്‍ തുടങ്ങിയ സാധനങ്ങളാണ് ജിതിന്‍ വട്ടോളി ബസാറിലെ തന്റെ കടയില്‍ വില്‍ക്കുന്നത്. ഈ സാധനങ്ങള്‍ വാങ്ങാനായി ദൂരെ നിന്ന് പോലും ആളുകള്‍ കട തേടി വരാറുണ്ട്. സാധനങ്ങള്‍ എടുത്ത് നല്‍കാന്‍ കഴിയാത്തതിനാല്‍ കടയിലെത്തുന്നവര്‍ തന്നെ ആവശ്യമായ സാധനങ്ങള്‍ എടുക്കുകയും ജിതിന്‍ കണക്കുകൂട്ടി പറയുന്ന തുക പെട്ടിയിലിട്ട് ബാക്കി പൈസ എടുക്കുകയുമാണ് പതിവ്. പൂര്‍ണ്ണമായും ഉപഭോക്താക്കളെ വിശ്വസിച്ചാണ് ജിതിന്റെ കച്ചവടം.

ശ്രീചിത്രയിലാണ് ജിതിന്‍രെ ചികിത്സ. ബാലുശ്ശേരി ഗവ. ബോയ്‌സ് സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് ജിതിന്‍ രോഗബാധിതനായത്. പിന്നീട് കിടക്കയിലായിരുന്നു ജീവിതം. നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോയ കൂട്ടുകാരനെ പുറത്തെത്തിക്കാനായി സഹപാഠികളാണ് വീടിനോട് ചേര്‍ന്ന് പെട്ടിക്കട നിര്‍മ്മിച്ച് ആവശ്യമായ സാധനങ്ങള്‍ വാങ്ങി നല്‍കിയത്.

തന്നെ പോലെയുള്ള രോഗബാധിതരും ഭിന്നശേഷിക്കാരുമായ ആളുകളെ പോലും ജീവിക്കാന്‍ സമ്മതിക്കാത്തവരുണ്ടോ എന്നാണ് മോഷണവിവരം അറിഞ്ഞ ശേഷം ജിതിന്‍ സങ്കടത്തോടെ ചോദിക്കുന്നത്.