‘അരുതെന്ന് പറഞ്ഞാലും പാറയുടെ മുകളില്‍ കയറി ഫോട്ടോ എടുക്കും’; നിര്‍ദേശങ്ങള്‍ പാലിക്കാതെ തിരികക്കയം വെള്ളച്ചാട്ടം കാണാനെത്തുന്നത് നാട്ടുകാര്‍ക്കും പൊലീസിനും തലവേദനയാകുന്നു


നാദാപുരം: പൊലീസിനും നാട്ടുകാര്‍ക്കും തലവേദനയായി അപകടമുന്നറിയിപ്പ് ലംഘിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യുവാക്കളുടെ വരവ്. വിലക്ക് ലംഘിച്ച് പാറയുടെ മുകളിലുംമറ്റും കയറി ഫോട്ടോ എടുക്കുന്നത് അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നു പറഞ്ഞിട്ടും കൂസാക്കാതെയാണ് യുവാക്കള്‍ വെള്ളച്ചാട്ടം കാണാനെത്തുന്നത്. കഴിഞ്ഞ ദിവസവും വെള്ളച്ചാട്ടത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചിരുന്നു. പുതുക്കയം തിരികക്കയം വെള്ളച്ചാട്ടത്തില്‍ അപകടത്തില്‍പെട്ട കുരിക്കിലാട് സ്വദേശി ഷാനിസ് (16) ആണ് മരിച്ചത്.

കൗമാര സംഘത്തിലെ അഞ്ചു വിദ്യാര്‍ഥികള്‍ ശനിയാഴ്ച ഉച്ചയോടെയാണ് വെള്ളച്ചാട്ടത്തില്‍ എത്തിയത്. വെള്ളച്ചാട്ടത്തിന്റെ മുകളിലുള്ള പാറയില്‍ കയറിയപ്പോള്‍ കാല്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു. നാട്ടുകാരാണ് വിദ്യാര്‍ത്ഥിയെ ഭൂമിവാതുക്കല്‍ മെഡി ചെക്ക് ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വിലങ്ങാട്, കുറ്റ്യാടി മലനിരകളോട് ചേര്‍ന്ന പ്രകൃതിരമണീയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാനാണ് യുവാക്കളുടെ സംഘങ്ങള്‍ എത്തുന്നത്. ബൈക്കിലും ആഡംബര വാഹനങ്ങളിലും എത്തുന്ന ഇവര്‍ പ്രദേശവാസികള്‍ക്ക് ശല്യമാവുകയാണ്. അപകടകരമായ രീതിയില്‍ ഒഴുകുന്ന പുഴകളിലും വെള്ളച്ചാട്ടങ്ങളിലും ഇറങ്ങരുതെന്ന നാട്ടുകാരുടെയും പൊലീസിന്റെയും മുന്നറിയിപ്പ് ലംഘിക്കുന്നതാണ് അപകടത്തിനിടയാക്കുന്നത്. ഏറെ അപകടം പിടിച്ചതും വെള്ളച്ചാട്ടത്തിന്റെ മുഖ്യ ആകര്‍ഷകവുമായ 100ലധികം അടി ഉയരമുള്ള പാറക്ക് മുകളില്‍ കയറി ഫോട്ടോ എടുക്കാനാണ് സന്ദര്‍ശകര്‍ക്ക് താല്‍പര്യം. ഇവിടെ നിന്നും ഫോട്ടോ എടുക്കാനുള്ള ശ്രമമാണ് വിദ്യാര്‍ഥിയെ അപകടത്തില്‍പെടുത്തിയത്.

കുരിക്കിലാട് കൊളായ മീത്തല്‍ ഷംസുദീന്റെയും സജിനയുടെയും മകനാണ് ഷാനിസ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഒമ്പത് എ പ്ലസ് നേടി വിജയിച്ച ഷാനിസിന്റെ വിയോഗം നാട്ടുകാരെയും ഏറെ ഞെട്ടിച്ചു.

മഴ ആരംഭിച്ചതോടെ വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ നിരവധി പേരാണ് ദിവസവും ഇവിടേക്ക് എത്തുന്നത്. മൂന്നു വര്‍ഷം മുമ്പും പാറയുടെ മുകളില്‍നിന്ന് താഴെവീണ ഒരാള്‍ ഇവിടെ മരിച്ചിരുന്നു.