തെളിഞ്ഞമാനം കണ്ട് വെള്ളത്തില്‍ കളിക്കാന്‍ ആവേശം കാട്ടല്ലേ, കാട്ടിലെ കനത്ത മഴയിൽ മലവെള്ളം കുത്തിയൊലിച്ച് എത്തിയേക്കാം; തുഷാരഗിരി വെള്ളച്ചാട്ടം സന്ദർശിക്കുന്നവർ ഏറെ ശ്രദ്ധിക്കണം


താമരശ്ശേരി: തുഷാരഗിരിയില്‍ കഴിഞ്ഞ ബുധനാഴ്ചയുണ്ടായ അപ്രതീക്ഷിത മലവെള്ള പാച്ചിലില്‍ സഞ്ചാരികള്‍ അല്‍ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന നിരവധിയാളുകളെ ഇക്കോടൂറിസം ഗൈഡുകള്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി സുരക്ഷിതസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു. പശ്ചിമഘട്ട വനമേഖലയിലെ ശക്തമായ മഴയാണ് ഇരുവഞ്ഞിപ്പുഴയിലും ചാലിപ്പുഴയിലും പെട്ടന്നുണ്ടായ മലവെള്ളപ്പാച്ചിലിന് കാരണം. ഇത്തരം മലവെള്ളപാച്ചിലുകള്‍ ഈ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട സംഭവമല്ല. ഏതാനും ദിവസംമുമ്പ് കൂടരഞ്ഞി ഉറുമിപ്പുഴയിലും സമാനമായ രീതിയില്‍ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു. കരുവാരക്കുണ്ടില്‍ രണ്ട് ദിവസം മുമ്പാണ് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്നുണ്ടായ ഒഴുക്കില്‍പ്പെട്ട് യുവതി മരിച്ചത്.

ഒഴിവുദിവസങ്ങള്‍ ചിലവിടാനായി നഗരപ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് വനമേഖലയില്‍ പെയ്യുന്ന മഴയുടെ അളവിനെക്കുറിച്ചും സ്വാഭാവത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതാണ് പല അപകടങ്ങളിലേക്കും വഴിവെക്കുന്നത്. തെളിഞ്ഞ മാനം കണ്ടാല്‍ സുരക്ഷിതമാണെന്ന തോന്നലില്‍ വെള്ളച്ചാട്ടത്തിലും കാട്ടുചോലയിലുമിറങ്ങുകയാണ് പതിവ്. എന്നാല്‍ കാട്ടില്‍ ശക്തമായ മഴയുണ്ടെങ്കില്‍ ഏതുനിമഷവും മലവെള്ളപാച്ചിലുണ്ടായേക്കാം. അപകടസാഹചര്യമുണ്ടായാല്‍ വഴുക്കലുള്ള പാറക്കെട്ടുകളിലൂടെ കയറി എളുപ്പത്തില്‍ രക്ഷപ്പെടാനും സാധിക്കില്ല. അത്തരം വിഷയങ്ങള്‍ നാട്ടുകാര്‍ ചൂണ്ടിക്കാണിച്ചാലും അത് മുഖവിലക്കെടുക്കാന്‍ സഞ്ചാരികള്‍ തയ്യാറാവാറില്ല. ആവശ്യത്തിന് സുരക്ഷാ ഗാര്‍ഡുകള്‍ ഇല്ലാത്തതും അപകടസാധ്യതാ ബോര്‍ഡുകളുടെ എണ്ണത്തിലുള്ള കുറവും ഈ പ്രശ്നം കൂടുതല്‍ രൂക്ഷമാക്കുന്നുണ്ട്.

കാലവര്‍ഷം കഴിഞ്ഞതോടെ തുഷാരഗിരിയില്‍ വനംവകുപ്പ് സന്ദര്‍ശനത്തിന് അനുമതി നല്‍കിയിരുന്നു. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ പുഴകളില്‍ ഇറങ്ങുന്നതില്‍ ഏര്‍പ്പെടുത്തിയ നിരോധനവും എടുത്ത് മാറ്റിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇടവിട്ട് പെയ്യുന്ന കനത്ത മഴയില്‍ കുറവുണ്ടാവുന്നത് വരെ മലയോര മേഖലകളില്‍ പുഴകളിലിറങ്ങുന്നതിനുള്ള നിരോധനം കര്‍ശനമായി നടപ്പാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.


mountain water patch in thusharagiri demands more restrictions