ഇനി കൂരാച്ചുണ്ടിലേക്ക് വാഹനവുമായി പോകുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കയ്യില്‍ നിന്നും കാശ് പോകും! പഞ്ചായത്തില്‍ ഇന്ന് മുതല്‍ ട്രാഫിക് പരിഷ്‌കരണം- മാറ്റങ്ങള്‍ ഇവയാണ്


കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ ഇന്നുമുതല്‍ ട്രാഫിക് പരിഷ്‌കരണം നടപ്പിലാക്കാന്‍ തീരുമാനം. പഞ്ചായത്ത് അഡൈ്വസറി കമ്മിറ്റിയോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.

പ്രധാന മാറ്റങ്ങള്‍:

ബസ് സ്റ്റാന്റില്‍ ബസ് അല്ലാത്ത വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല.

അങ്ങാടിയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം ഒരു സൈഡില്‍ പാര്‍ക്ക് ചെയ്യാന്‍ പാടുള്ളൂ.

ശാന്തി മെഡിക്കല്‍സിന്റെ അടുത്ത് റേഷന്‍ കട ഉള്‍പ്പെടെയുള്ള ഭാഗത്ത് പാര്‍ക്കിങ് പാടില്ല.

ബാലുശേരി റോഡ് മുതല്‍ മീന്‍ മാര്‍ക്കറ്റ് വരെയുള്ള ഭാഗത്ത് ഇരുസൈഡിലും പാര്‍ക്കിങ് പാടില്ല.

മേല്‍പ്പറഞ്ഞ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്നും പിഴ ഈടാക്കും.

കൂരാച്ചുണ്ട് അങ്ങാടിയില്‍ ഇരുഭാഗത്തും വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് കാരണം പല സമയങ്ങളിലും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ട്രാഫിക് പരിഷ്‌കരണം കൊണ്ടുവരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ബസ് സ്റ്റാന്റില്‍ സ്വകാര്യ വാഹനങ്ങള്‍ വലിയ തോതില്‍ പാര്‍ക്കു ചെയ്യുന്നതിനെതിരെ ബസുകാര്‍ക്കിടയില്‍ നിന്നും പരാതി ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രാഫിക് പരിഷ്‌കരണം ഏര്‍പ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന അഡൈ്വസറി കമ്മിറ്റി യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. ഒ.കെ.അമ്മദ്, സിസിലി ബിജു, സണ്ണി പുതിയകുന്നേല്‍, വിജയന്‍ കിഴക്കേമീത്തല്‍, സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ആര്‍.സൂരജ്, സുനില്‍കുമാര്‍ ടി.ആര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സണ്ണി പാരഡൈസ്, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധി സലീം അമരപ്പറമ്പില്‍, യൂണിയന്‍ പ്രതിനിധികളായ അനീഷ് ടി.എന്‍, ഇക്ബാല്‍ ടി.എം, അനില്‍ അറക്കല്‍ എന്നിവരും പങ്കെടുത്തു.

Summary: It has been decided to implement traffic reforms in Koorachund Gram Panchayat from today. The decision in this regard was taken by the Panchayat Advisory Committee meeting.