ഉള്ളിയേരിയിൽ കാറും ബെെക്കും കൂട്ടിയിടിച്ച് കൊയിലാണ്ടി സ്വദേശിയുൾപ്പെടെ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവം; കാർ ഡ്രെെവർ റിമാൻഡിൽ


ഉള്ളിയേരി: കഴിഞ്ഞ ദിവസം ഉള്ളിയേരിയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിക്കാനിടയായ സംഭവത്തിൽ കാർ ഡ്രെെവർ അറസ്റ്റിൽ. ഇരുപത്തിമൂന്നുകാരനായ കൊടുവള്ളി മാനിപുരം കുന്നത്തു കുളങ്ങര വീട്ടിൽ അബ്ദുൽ ഗഫാർ ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ബാലുശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം. കെ. സുരേഷ് കുമാറും അത്തോളി സബ് ഇൻസ്പക്ടർ മുരളീധരനും ചേർന്നാണ് അബ്ദുൽ ഗഫാറിനെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തത്. മനപ്പൂർവമായ നരഹത്യയാണ് അബ്ദുൽ ഗഫാറിനെതിരെ ചുമത്തിയ കുറ്റം.

ഉള്ളിയേരി ഈസ്റ്റ് മുക്ക് പള്ളിയുടെ സമീപം കഴിഞ്ഞ ദിവസമാണ് രണ്ട് പേരുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. കാര്‍ നിയന്ത്രണം വിട്ട് മതിലിടിച്ചതിനു ശേഷം സ്‌കൂട്ടറിലിടിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തിൽ കൊയിലാണ്ടി കോതമംഗലം സ്വദേശി ശ്രീവത്സം വിൻരൂപ്, കാവിലുംപാറ പീടികയുള്ളതിൽ ബിപിൻ സുരേഷ് എന്നിവരാണ് മരിച്ചത്.

അപകടത്തില്‍ ബൈക്കും കാറും പൂര്‍ണ്ണമായി തകര്‍ന്നു. കാറിലുണ്ടായിരുന്ന കൊടുവള്ളി പാലക്കുറ്റി സ്വദേശികളായ ഉവൈസ്, അസ്ലം, ഗഫാന്‍ മുഹമ്മദ്, സാലിഹ് എന്നിവരെ പരിക്കുകളോടെ മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Summary: two youths died after a car and a bike collided In Ullieri. Car driver remanded