ഇഫ്താര്‍ വിരുന്നും കലാപരിപാടികളുമായി പ്രദേശിക കൂട്ടായ്മ; ആഘോഷരാവൊരുക്കി കായണ്ണയിലെ വെളിച്ചം റസിഡന്റ്‌സ് അസോസിയേഷന്‍


കായണ്ണ: കായണ്ണ ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡായ കുരിക്കള്‍ കൊല്ലിയിലെ വെളിച്ചം റസിഡന്റ്‌സ് അസോസിയേഷ്‌ന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. സ്നേഹ ബന്ധങ്ങളുടെ അയല്‍പക്ക സൗഹൃദങ്ങളുടെ വെളിച്ചം കെട്ടുപോവുന്ന സമൂഹത്തിന് നന്മയുടെ വെളിച്ചം വിതറുന്ന കൂട്ടായ്മകള്‍ രൂപപ്പെട്ടു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഉള്‍ക്കൊണ്ടു കൊണ്ടാണ് ഇത്തരമൊരു കൂട്ടായ്മ രൂപീകരിച്ചിരിക്കുന്നത്.

പ്രദേശത്തെ അന്‍പതോളം കുടുംബങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് റസിഡന്റ് അസോസിയേഷ രൂപീകരിച്ചിരിക്കുന്നത്. വാര്‍ഡ് മെമ്പര്‍ പി.സി ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ജാതിമത ഭേതമന്യേ പ്രദേശത്തെ നിരവധി കുടുംബങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് ഇഫ്ത്താര്‍ വിരുന്നൊരുക്കി. ശേഷം റസിഡന്റ്‌സ് അസോസിയേഷന്‍ കുടുംബാംഗങ്ങളുടെ കലാപരിപാടിയും അരങ്ങേറി.

ഗ്രാമ പഞ്ചായത്തംഗം കെ.കെ നാരായണന്‍, നടുകണ്ടി കുഞ്ഞികൃഷ്ണന്‍, എന്‍.വി ബാലകൃഷ്ണന്‍, കെ രാജഗോപാലന്‍ മാസ്റ്റര്‍, കെ.കെ സന്തോഷ്, കെ.വി രമേശന്‍, മാധ്യമ പ്രവര്‍ത്തകന്‍ ബാബു കുതിരോട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.