മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്ന് തൊഴിലാളി യൂണിയന്‍, പറ്റില്ലെന്ന് മാനേജ്‌മെന്റ്; എങ്ങുമെത്താതെ പേരാമ്പ്ര വിക്ടറി സമരത്തിന്റെ ഒത്തുതീര്‍പ്പ് ചര്‍ച്ച, എട്ടാം തീയതി തൊഴിലാളികളുടെ പ്രകടനം


[top]
പേരാമ്പ്ര: പേരാമ്പ്രയിലെ വിക്ടറി ടൈല്‍സ് കടയിലെ സമരവുമായി ബന്ധപ്പെട്ട് ഇന്ന് വിളിച്ച് ചേര്‍ത്ത ചര്‍ച്ചയിലും അന്തിമ തീരുമാനമായില്ല. കോഴിക്കോട് കളക്ടറേറ്റ് ഓഫീസില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ വിക്ടറിമാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയന്‍ നേതാക്കളും പങ്കെടുത്തിരുന്നു. നാളെയും യോഗം വിളിച്ച് കൂട്ടുമെന്ന് ലേബര്‍ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.


പിരിച്ച് വിട്ടവരില്‍ നാല് തൊഴിലാളികളെ തിരിച്ചെടുക്കാമെന്ന് മാനേജ്‌മെന്റ് വ്യക്തമാക്കിയെങ്കിലും പുറത്താക്കിയ മുഴുവന്‍ തൊഴിലാളികളെയും തിരിച്ചെടുക്കണമെന്നാണ് യൂണിയന്‍ നേതാക്കളുടെ ആവശ്യം. പിരിച്ച് വിട്ടവരെ തിരിച്ച് എടുക്കുന്നത് വരെ ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും എട്ടാം തീയതി പേരാമ്പ്രയില്‍ വെച്ച് തൊഴിലാളികളുടെ പ്രകടനം നടത്തുമെന്നും സി.ഐ.ടിയു ജില്ലാ സെക്രട്ടറി മനോജ് പേരാമ്പ്ര ന്യൂസ് ഡോട്‌കോമിനോട് പറഞ്ഞു.


ബി.എം.എസ് ജില്ലാ പ്രസിഡന്റ് ശശിധരന്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനില്‍ മുതുകാട്, സജീഷ്, പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ കെ.അനില്‍, ജില്ലാ ലേബര്‍ ഓഫീസര്‍, വിക്ടറി ടൈല്‍സ് മാനേജ്‌മെന്റ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു.