ചക്കിട്ടപാറ പൂഴിത്തോട്ടിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ നാലാം വാർഡിലെ പൂഴിത്തോട് ആലമ്പാറ ആദിവാസി കോളനിക്ക് സമീപത്തെ കൃഷിയിടത്തിൽ കഴിഞ്ഞ രാത്രിയിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. സജീർഖാൻ മലാപ്പറമ്പിന്റെ തെങ്ങ്, കമുക് വിളകളാണ് തകർത്തത്. കോളനിക്ക് സമീപത്തെ വനാതിർത്തിയിലെ സൗരവേലി പ്രവർത്തനക്ഷമമല്ലാത്തതിനാൽ മിക്കപ്പോഴും കാട്ടാന കൃഷിയിടത്തിലാണ്.

കോളനി മേഖലയിൽ തെരുവു വിളക്കുകൾ കത്താത്തതു വന്യമൃഗ ശല്യം വർധിക്കാൻ കാരണമാകുന്നുണ്ട്. വനം വകുപ്പ് സൗരവേലി നന്നാക്കണമെന്നും മഴക്കാലത്തിന് മുൻപ് തെരുവു വിളക്കുകൾ കത്തിക്കാൻ പഞ്ചായത്ത് നടപടിയെടുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.