നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു


നാദാപുരം: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. ക്വാട്ടേഴ്സിലെ ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിക്ക് ശേഷം രാത്രി ക്വാട്ടേഴ്സിലെത്തിയ നവാസ് ബാത്റൂം ലൈറ്റ് കേടായതിനെ തുടർന്ന് നന്നാക്കുകയായിരുന്നുവെന്ന് സംഭവ സ്ഥലത്തുണ്ടായിരുന്ന അതിഥി തൊഴിലാളി പറയുന്നു

മുറിയിൽ ഷോക്കേറ്റ് വീണ നവാസിനെയും അൻഷാദിനെയും ഉടനെ തന്നെ നാദാപുരം ഗവ. താലൂക്ക് ആശുപത്രിയിലും ശേഷം വടകരയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. എന്നാൽ നവാസിൻ്റെ ജീവൻ രക്ഷിക്കാനായില്ല.

അൻഷാദിന് കാര്യമായ പരിക്കുകളില്ല. ക്വാട്ടേഴ്സിലെ മുറിക്കകത്ത് ഹോൾഡറും ഇലക്ട്രിക്ക് വയറുകളും നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തി.