കുറ്റ്യാടി-കോഴിക്കോട് ബസ് സമരം: പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്, ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു; സര്‍വ്വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കി അധികൃതര്‍


പേരാമ്പ്ര: മൂന്ന് ദിവസമായി തുടരുന്ന കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് പണിമുടക്ക് അവസാനിപ്പിക്കാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ പേരാമ്പ്ര ആര്‍.ടി.ഒ ഓഫീസ് ഉപരോധിച്ചു. മിന്നല്‍ പണിമുടക്ക് നടത്തി യാത്രക്കാരെയും വിദ്യാര്‍ത്ഥികളെയും ബുദ്ധിമുട്ടിലാക്കുന്ന സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കുന്നത് അധികാരികള്‍ കൃത്യമായ നടപടികള്‍ എടുക്കാത്തത് കൊണ്ടാണെന്ന് യൂത്ത് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷാന്‍ എസ്.രാജുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ ചര്‍ച്ചയില്‍ പണിമുടക്കിയ മുഴുവന്‍ ബസ്സുകള്‍ക്കെതിരെയും നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്യുമെന്നും ഇന്ന് വടകരയില്‍ ബസ് ഉടമകളുമായി ചര്‍ച്ചചെയ്ത് ബസ് സര്‍വീസ് ആരംഭിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമുള്ള ഉറപ്പിനെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് ഉപരോധം അവസാനിപ്പിച്ചത്.

യാതൊരു മുന്നറിയിപ്പും നല്‍കാതെ മിന്നല്‍ പണിമുടക്ക് നടത്തുന്ന സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ കര്‍ശന നടപടി വേണമെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പേരാമ്പ്ര നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് എസ്.സുനന്ദ്, ബാലുശ്ശേരി നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ടി.എം.വരുണ്‍ കുമാര്‍, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡണ്ട് വി.ടി.സൂരജ്, യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ അഭിജിത്ത് ഉണ്ണികുളം, കിഷോര്‍കാന്ത് മുയിപ്പോത്ത്, നാസ് മമ്പോയില്‍, സുവിന്‍.വിപി, രജീഷ് ശിവപുരം, മുആദ് നരിനട, ശ്രീജിത്ത് കായണ്ണ, അനൂപ് നടുവണ്ണൂര്‍, അനാഫി ഉള്ളൂര്‍, അഖില്‍ കായണ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

ബുധനാഴ്ച ഉള്ള്യേരിയില്‍ ബസ് ജീവനക്കാരനെ മര്‍ദ്ദിച്ചെന്നാരോപിച്ചാണ് വ്യാഴാഴ്ച മുതല്‍ കുറ്റ്യാടി കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസുകള്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.